ഓസോണ്‍ പാളികളെല്ലാം അങ്ങിങ്ങ് തകര്‍ന്നു സൂര്യന് നേരിട്ട് തലകടത്തിവിടാന്‍ പാകത്തിന് പരുവപെട്ട ആകാശവും താഴെ വിഷലിപ്തമായ ഭൂമിയും സ്വന്തം ആവാസ വ്യവസ്ഥയുമെല്ലാം ഗതികെട്ട് ഇവിടെ നമുക്ക് നേരെ യുദ്ധാഹ്വാനാം ചെയ്തുകൊണ്ടിരിക്കെ, അവനവന്‍റെ ജീവിതത്തിനു വേണ്ടി ആവതു പോരാടി ആകാശത്തോടും ഭൂമിയോടും കൊഞ്ഞനം കുത്തി അവക്കുമേല്‍ തന്‍റെ അധീശത്വം വീണ്ടും വീണ്ടും സ്ഥാപിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറം, എന്തിനു നമുക്കൊരു വിശാല മനസ്സുണ്ടാകണം ഈ തുച്ച ജീവിതത്തില്‍! നമ്മുടെ ആവിശ്യം മറ്റൊരാള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് സമൂഹം പറഞ്ഞാലും (ഞാനും ഉള്‍പ്പെടുന്നതാണ് സമൂഹം, ഭാഗ്യം!) ഇവിടെ ധാര്‍മ്മികതയുടെയും മനുഷ്യ പറ്റിന്‍റെയും ചോദ്യമുതിക്കുന്നില്ല. ചിലര്‍ പറയുന്ന പോലെ എല്ലാം ആപേക്ഷികമാണ്... ആപേക്ഷികം മാത്രം. അതായത് ,ഇച്ചയനുസരിച്ച് തീരുമാനമെടുക്കാനുള്ള അവാകാശം വ്യക്തി കേന്ദീകൃതം മാത്രമാണ്. അത് വക വെച്ച് കൊടുക്കുക.
ഒരാള്‍ അപകടത്തില്‍പെട്ട് ജീവന് വേണ്ടി ആര്‍ത്തുകരഞ്ഞാല്‍ തിരിഞ്ഞു നോക്കലും അവഗണിക്കലും കാഴ്ച്ചക്കാരുടെ മാത്രം ഇഷ്ട്ടമാണ് . ഇനി ഒരാള്‍ മാറിനിന്ന് അത് വീക്ഷിച്ചു ആത്മ നിര്‍വൃതി കൊണ്ടാല്‍, 'എന്‍റെ ജീവനല്ല ആ പിടയുന്നത്, രക്ഷപെട്ടു' എന്ന് നിശ്വസിച്ചാല്‍, അത് ചോദ്യം ചെയ്യേണ്ട ആവിശ്യം ഭൂമുഖത്ത് ആര്‍ക്കുണ്ട്!
ഹാ! ആര്‍ക്കും ആരോടും ഒരുത്തരവാദിത്തവും സന്മാനോഭാവവും ഇല്ലാതെ അങ്ങനെ ജീവിച്ചു മരിച്ചു പോകുക, അതിനേക്കാള്‍ മഹനീയമായ, മഹത്തരമായ എന്ത് സംഗതിയാണ് വേറെയുള്ളത്!!
നിന്നെ നാളെ പോലീസ് പിടിച്ചു കൊണ്ട് പോയാല്‍ അത് നിന്‍റെ പിടിപ്പുകേട്. അത് നിങ്ങള്‍ തമ്മില്‍ തമ്മില്‍ തന്നെ പറഞ്ഞു തീര്‍ക്കുക. (നീ തെറ്റ് ചെയ്യാതെ നിന്നെ പോലീസ് പിടിച്ചു കൊണ്ട് പോകില്ലല്ലോ, പോലിസിനെ എനിക്കത്ര വിശ്വാസമാണ്, കാരണം അവരെന്നെ ഇതുവരെ പിടിച്ചിട്ടില്ല!) ഇനി അഥവാ നീ നിരപരാധിയാണെന്ന് എന്‍റെ തൃക്കണ്ണ്‍ കൊണ്ട് കണ്ടാലും ഞാനെന്തിനു എന്‍റെ സമയം പാഴാക്കണം. മറ്റൊരാള്‍ അതില്‍ തലയിടുക എന്നത് ജോലിചെയ്യേണ്ടുന്ന, പഠിക്കേണ്ടുന്ന, കളിക്കേണ്ടുന്ന സമയങ്ങളില്‍ വരുന്ന നഷ്ട്ടമാണ്. കൂടാതെ തിന്നാനും തിന്നത് കൊണ്ട് പോയി തള്ളാനും ഉള്ള പ്രതേക സമയങ്ങളില്‍ ക്രമക്കേടും അതുണ്ടാക്കും എന്ന് തുടങ്ങി നീണ്ട നീണ്ട പ്രശ്നങ്ങളുണ്ട്...
ഒരാള്‍ ആത്മഹത്യാ ചെയ്താല്‍ അത് തിരിഞ്ഞു നോക്കേണ്ട ബാധ്യത മറ്റുള്ള മനുഷ്യര്‍ക്കാണോ! ആ ഒരു മനുഷ്യന് ജീവിതം മടുത്തു, അങ്ങനെ മടുത്ത ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം അത്രയേ നമ്മള്‍ കരുതേണ്ടതുള്ളു..(അത് ഒരു കണക്കിന് നല്ലതല്ലെ, ഭൂമിക്കു അവര്‍ക്കുള്ള ചെലവു വെട്ടാമല്ലോ!!) മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിയെ കുറിച്ച് നമുക്കെന്തും പറയാം. എന്ത് അപവാദം പ്രചരിപ്പിച്ചാലും ഒരാള്‍ക്കും അതില്‍ നിന്ന് തടയാനാവില്ല.. കാരണം അപവാദം മരിച്ച വ്യക്തിയെ കുറിച്ചാണല്ലോ, അപവാദം സഹിക്കുന്നില്ലെങ്കില്‍ മരിച്ച ആള്‍ വന്നു മറുപടി പറയട്ടെ..!! സംസാര സ്വാതന്ത്രം കിട്ടിയിരിക്കെ നമുക്കെന്തും വിളിച്ചു പറയാം..അതാണ്.. ജീവിതം! ഉള്ളത് പറയാമല്ലോ,അപവാദ പ്രചരണം ജീവിതത്തിന്‍റെ ഒരു വലിയ ആനന്ദ മാണ് .. ആ ആനന്ദം പരമാവധി ജനങ്ങളില്‍ എത്തിച്ച് അവരെയും ആനന്ദത്തിന്‍റെ മഹാശൃംഖലയില്‍ എത്തിക്കുക..
ഈ സമരം സമരം എന്ന് പറയുന്നത് എനിക്ക് (നിനക്കും എന്നോടൊപ്പം പങ്കുചേരാം) പറഞ്ഞിട്ടുള്ളതല്ല.. അത് സമൂഹത്തില്‍ ക്രമ രാഹിത്യമുണ്ടാക്കും.. ഓരോ സമരത്തിന് പിന്നിലും സമരക്കാരുടെ തല്‍പ്പര ആവിശ്യങ്ങളായിരിക്കും.. ലാഭം നോക്കിയല്ലാതെ ആരെങ്കിലും സമരത്തിനിറങ്ങുമോ! (നിര്‍ഭാഗ്യവശാല്‍ ഒരു സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്, സമരം വിജയിച്ചിട്ടും എനിക്കൊന്നും കിട്ടിയില്ല.. എന്‍റെ സമയം, എനര്‍ജി എല്ലാം വൃഥാവിലായി!) ഇപ്പോള്‍ അത്തരം ലാഭേച്ചകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഒരു സമരത്തിനും പങ്കെടുക്കാറില്ല.. ഒരാള്‍ മറ്റൊരാളെ കൊന്നിട്ടുണ്ടെങ്കില്‍ കൊല്ലപെട്ടവന്‍റെ ആള്‍ക്കാര്‍ വന്നു സമരം ചെയ്യട്ടെ, സമരഫലം ആസ്വദിക്കുന്നത് അവരാണല്ലോ!! ഞാനെന്തിനു അതില്‍ തലയിടണം! ചെറിയ ചെറിയ ചീള് കേസുകള്‍ക്ക്‌പോലും ആളുകള്‍ സമരം നടത്തുന്നു, അതെന്‍റെ വ്യവഹാരങ്ങളെ ബാധിക്കുന്നു എന്നവര്‍ മനസ്സിലാക്കാത്തതെന്താ...!!
പിന്നെ പ്രതേകിച്ചും, ഈ വിദ്യാര്‍ഥി സമരങ്ങളിലോന്നും എനിക്കത്ര വിശ്വാസം പോര! നമ്മള്‍ സ്കൂളിലും കോളേജിലും ഒക്കെ പോകുന്നത് സമരം ചെയ്യാനാണോ? പഠിക്കാനല്ലേ!! ഒരു യൂനിവേസിറ്റിയിലാണെങ്കില്‍ വി സിക്കും രജിസ്റ്റാറിനും പ്രോക്ടര്‍ക്കും പ്രോഫസ്സര്‍മാര്‍ക്കുമൊക്കെ എന്തും ചെയ്യാം.. അവരാണല്ലോ ഭരണകര്‍ത്താക്കള്‍, നമ്മള്‍ വെറും വിദ്യാര്‍ഥികള്‍, വിദ്യ മാത്രം അര്‍ഥിക്കുന്നവര്‍ . സമരത്തില്‍ പങ്കെടുക്കുകയും വി സി യോ വി സിയുടെ വിനീത സേവകരോ ഒളിഞ്ഞ്നിന്നെടുക്കുന്ന വീഡിയോയില്‍ ഞാനെങ്ങാനും അകപ്പെടുകയും അവരുടെ കണ്ണില്‍ ഒരു കരടാവുകയും ചെയ്താല്‍.. ദൈവമേ, ആലോചിക്കാന്‍ വയ്യ! അവരെന്നെ വെറുതെ വിടുമോ! എന്‍റെ വിദ്യഭ്യാസം ആകെ കുളം തോണ്ടും..!
ഒരു പാട് പുസ്തകങ്ങളൊക്കെ വായിച്ചു തീര്‍ക്കണം. അതിനിടക്ക് ഈ ജീവിതം എവിടെയെങ്കിലും കൊണ്ട് പോയി പാഴാക്കാന്‍ ഞാനില്ല..!അതിനു മാത്രം ഒരു മരമണ്ട നൊന്നുമല്ല ഞാന്‍!!!!.. ഹം!
ഇതൊക്കെയാണെങ്കിലും എന്‍റെ പ്രിയ വായനക്കാരാ, ഞാനെപ്പോഴെങ്കിലും അപകടത്തില്‍ പെടുകയും ചോര തൂറ്റി പിടയുകയും ചെയ്താല്‍ എങ്ങനെയെങ്കിലും എന്നെ ആശുപത്രിയിലെത്തിക്കാനുള്ള വഴി തേടുക! ഒരു യൂനിവേസിടി വിദ്യാര്‍ഥി എന്നതിനാല്‍, ഏതെങ്കിലും ഒരവസ്ഥയില്‍ വിസിയും രജിസ്ട്ടാരും പ്രോക്ട്ടരും പ്രൊഫസര്‍മാരുമൊക്കെ എനിക്കെതിരെ എന്തെങ്കിലും കേസുകള്‍ കെട്ടിച്ചമച്ചാല്‍ നീ എനിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തണം.. കാലം മോശമായ സ്ഥിതിക്ക് എന്തും സംഭവിക്കാം... അവരുടെ നിരന്തര പീഡനത്തിനിരയായി ഒരു തുണ്ട് കയറില്‍ ജീവിതം ഒതുക്കേണ്ടി വന്നാല്‍ , അപവാദപ്രചാരണങ്ങള്‍ എങ്ങനെയും തടഞ്ഞ്, കുടുംബക്കാര്‍ക്ക് വേണ്ടി അവരുടെ സമാധാനത്തിനു വേണ്ടി ഇതു ചെയ്യാനുള്ള കാരണം അവര്‍ക്ക് വ്യകതമാക്കി കൊടുക്കുകയും അതിനു കുറ്റക്കാരായവരെ തേടിപിടിച്ചു ശിക്ഷിക്കുകയും ചെയ്യണം.. കാരണം എന്‍റെ കുടുംബക്കാരും എന്നെ പോലെ പാവമാണ്... !
ഇത് ഹൃദയത്തില്‍ കൊളുത്തി വലിക്കുന്നതായി..
ReplyDeleteഎഴുതുക.. എല്ലാ ആശംസകളും...
Thanks for this valuable comment....
ReplyDelete