കോഴിക്കോട് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു. സ്റ്റോപ്പിലേക്ക് കയറിയപ്പോൾ അവിടെ എനിക്ക് മുമ്പേ തന്നെ ഒരു കൂട്ടം ജനങ്ങൾ ബസ്സും കാത്തു നിൽക്കുന്നുണ്ട്. പല തരക്കാരും പല വഴിക്ക് പോകാനുള്ളവരും. ഞാന്‍ അവരിലൊരാളായി ആകാംഷയോടെ വണ്ടി വരുന്നിടത്തേക്കും നോക്കി നിൽപ്പാണ്.അപ്രതീക്ഷിതമായ ചില മുറുമുറുപ്പുകൾ കേട്ട് എതിർ വശത്തേക്ക് തിരിഞ്ഞു നോക്കി. അവിടെനിന്നും പ്രായമായ ഒരു തള്ള ഊര കുനിച്ചു വളരെ സാവകാശം നടന്നു വരുന്നത് കണ്ടു. ഏഴ് എന്ന ആകൃതിയിലായിരുന്നു അവരുടെ നടത്തം. കയ്യില്‍ താങ്ങി പിടിക്കാൻ വടിയില്ലാത്തതിനാൽ അവരുടെ ഓരോ കാല്‍വെപ്പിലും തെന്നി മറിഞ്ഞു വീഴാൻ സാധ്യത ഏറെയായിരുന്നു.
ചിലര്‍ അവരുടെ നടത്തം കണ്ട് അടക്കി ചിരിക്കുന്നു. ‘തള്ള ഇതാ ഇപ്പോള്‍ വീഴും’ എന്ന മട്ടില്‍ ആകാംഷാഭരിതരാണവർ. ചിലര്‍ വെപ്രാളപ്പെടുന്നു. ഇതൊക്കെ സാധാരണ കാഴ്ച്ച എന്ന മട്ടില്‍ തിരിഞ്ഞു നോക്കാത്തവരും ഒരുപാടുണ്ടായിരുന്നു കൂട്ടത്തിൽ.
എന്‍റെ ഉള്ളിലും അസാധാരണമായ ഒരാധി പൊങ്ങി വന്നു. ഈ പ്രായത്തിൽ ഇവർ എങ്ങനെ ജീവിച്ച് പോകുന്നു എന്നോര്‍ത്തു. ഈ ചേല്‍ക്ക് ഇവരെ തെരുവിൽ തള്ളി വിട്ടവരെ കുറിച്ചോര്‍ത്ത് വേറുപ്പോട് കൂടിയ ഒരു നെടുവീര്‍പ്പിട്ടു.
ആ സ്ത്രീക്ക് ഒരു വടി കൊണ്ട്പോയി കൊടുത്ത് സഹായിക്കണമെന്ന് തോന്നി. നന്നേ ചുരുങ്ങിയത് ഭക്ഷണം വാങ്ങി കഴിക്കാൻ ഒരു നാല്‍പ്പതോ അന്‍പതോ രൂപ കൊടുക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. കീശയിൽ തപ്പി അന്‍പതിന്‍റെ നോട്ട് അവർക്ക് കൊടുക്കാൻ വേണ്ടി കയ്യിൽ എടുത്തു വെക്കുകയും ചെയ്തു. അവരുടെ ദീനമായ മുഖത്തേക്ക് നോക്കിയപ്പോഴൊക്കെ ഉടനെ ഓടി ചെന്ന് കൈകളില്‍ താങ്ങിയെടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി ഇരുത്തിയാലോ എന്നും ചിന്തിച്ചു. പക്ഷെ, പിന്നെ ആലോചിച്ചപ്പോള്‍ ഇത്രയും ആള്‍ക്കൂട്ടത്തിനിടയിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്താൽ ഇവരൊക്കെ എങ്ങനെ ചിന്തിക്കുമെന്ന് ഭയന്ന് അവിടെ തന്നെ കണ്ടിട്ടില്ലാത്ത മാതിരി നിന്നു.
‘ഹൊ, ഒരു വല്യ സഹായി വന്നിരിക്കുന്നു’, ‘ആള്‍ക്കാരെ കാണിക്കാൻ വേണ്ടിയുള്ള ഓരോ തരികിട’, ‘ഇവനാരാ ഇങ്ങനെയൊക്കെ ചെയ്യാന്‍, മഹാത്മാവോ’ എന്നൊക്കെ ആളുകള്‍ പിറുപിറുക്കുമെന്ന തോന്നൽ.
ബസ് സ്റ്റോപ്പിന്‍റെ തൊട്ടടുത്ത് വന്ന് കിതച്ചുകൊണ്ട് അവർ അവിടെ കൂടിയവരെയൊക്കെ മാറി മാറി നോക്കി. ഇടക്ക് എന്‍റെ കണ്ണുകളിലും ആ കുഴഞ്ഞ കണ്ണുകള്‍ പാറി വീണു. ‘പാവം തള്ള’ എന്ന് ആത്മഗതം ചെയ്ത് ഞാൻ എന്‍റെ കണ്ണുകളെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടു.
ഇടക്ക് രണ്ടു മൂന്ന് ബസ്സുകൾ സ്റ്റോപ്പിൽ നിര്‍ത്തുകയും ആളുകളെ കയറ്റി പോവുകയും ചെയ്തു. തള്ളയെ കാണാതിരിക്കാൻ വേണ്ടി ഞാൻ ബേഗ് ശരിയാക്കി കുറച്ചു മുമ്പോട്ട് കയറി നിന്നു.
ഒരു സ്കൂള്‍ ബാലന്‍റെ ശബ്ധം കേട്ട് പിന്നിലേക്ക് തന്നെ വീണ്ടും തിരിഞ്ഞു നോക്കി. ‘ഇതാ അമ്മച്ചീ എന്‍റെ കൈ പിടിച്ചോളീ’ എന്നും പറഞ്ഞ് ഒരു ചെക്കൻ തള്ളയുടെ അടുത്തേക്ക് നടക്കുകയാണ്. മനസ്സ് കോരിത്തരിച്ചു പോയി. ഒരു ചെറു ചെക്കന്‍ ഇതാ ഇത്രയും പേരുടെ കണ്ണ് തുറപ്പിക്കുന്നു.
കീശയില്‍ കയ്യിട്ട് . ‘ഇതാ, ഇത് മുപ്പതു രൂപണ്ട്, ഭക്ഷണം കഴിച്ചോളീ’ എന്നും പറഞ്ഞ് അവന്‍ കുറച്ചു നോട്ടും അവരുടെ കയ്യിൽ വെച്ച് കൊടുത്തു. അവര്‍ നടന്നു പോകുന്നതിനിടയിൽ ഒരു തടിയൻ ചെന്ന് കുറച്ചു രൂപ തള്ളക്കു നല്‍കി അവരുടെ ഊരും പേരും അന്വേഷിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവര്‍ക്ക് ചുറ്റും ആള് കൂടി. ഇതുവരെ തിരിഞ്ഞു നോക്കാത്തവര്‍ വരെ താല്‍പര്യപൂര്‍വ്വം അവരുടെ കാര്യങ്ങളന്വാഷിച്ചു പിന്നാലെ കൂടിയിട്ടുണ്ട്. നൊടിയിടയില്‍തന്നെ ആ സ്ത്രീക്ക് വേണ്ടിയതിലധികം കാശ് തരപ്പെട്ടു, വാഗ്ദാനങ്ങളും.
‘ഹാവൂ, തള്ള കഴിച്ചിലായി’ എന്ന് സമാശ്വാസിച്ച് കയ്യിൽ പിടിച്ചിരുന്ന നോട്ട് കീശയിലേക്ക് തന്നെയിട്ടു. ‘ഒരുപാടുപേര്‍ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്, ഇനി എന്‍റെ സഹായത്തിന്‍റെ ആവിശ്യമില്ല’ എന്ന് മനോഗതം ചെയ്ത് ഞാന്‍ ഉടനെ തന്നെ റോഡിലേക്ക് ഇറങ്ങി നിന്നു എനിക്കുള്ള ബസ്സിലേക്ക് കയറാനായി.
അങ്ങനെ ഞാനും ഒരു തനി മലയാളിയാണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തി. എങ്കിലും ആ ചെക്കനെ ഉള്ളാലെ നമിക്കാതെ വയ്യ...