Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Thursday 5 December 2013

തനി മലയാളി


കോഴിക്കോട് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു. സ്റ്റോപ്പിലേക്ക് കയറിയപ്പോൾ അവിടെ എനിക്ക് മുമ്പേ തന്നെ ഒരു കൂട്ടം ജനങ്ങൾ ബസ്സും കാത്തു നിൽക്കുന്നുണ്ട്. പല തരക്കാരും പല വഴിക്ക് പോകാനുള്ളവരും. ഞാന്‍ അവരിലൊരാളായി ആകാംഷയോടെ വണ്ടി വരുന്നിടത്തേക്കും നോക്കി നിൽപ്പാണ്.അപ്രതീക്ഷിതമായ ചില മുറുമുറുപ്പുകൾ കേട്ട് എതിർ വശത്തേക്ക് തിരിഞ്ഞു നോക്കി. അവിടെനിന്നും പ്രായമായ ഒരു തള്ള ഊര കുനിച്ചു വളരെ സാവകാശം നടന്നു വരുന്നത് കണ്ടു. ഏഴ് എന്ന ആകൃതിയിലായിരുന്നു അവരുടെ നടത്തം. കയ്യില്‍ താങ്ങി പിടിക്കാൻ വടിയില്ലാത്തതിനാൽ അവരുടെ ഓരോ കാല്‍വെപ്പിലും തെന്നി മറിഞ്ഞു വീഴാൻ സാധ്യത ഏറെയായിരുന്നു. 

ചിലര്‍ അവരുടെ നടത്തം കണ്ട് അടക്കി ചിരിക്കുന്നു. ‘തള്ള ഇതാ ഇപ്പോള്‍ വീഴും’ എന്ന മട്ടില്‍ ആകാംഷാഭരിതരാണവർ. ചിലര്‍ വെപ്രാളപ്പെടുന്നു. ഇതൊക്കെ സാധാരണ കാഴ്ച്ച എന്ന മട്ടില്‍ തിരിഞ്ഞു നോക്കാത്തവരും ഒരുപാടുണ്ടായിരുന്നു കൂട്ടത്തിൽ. 

എന്‍റെ ഉള്ളിലും അസാധാരണമായ ഒരാധി പൊങ്ങി വന്നു. ഈ പ്രായത്തിൽ ഇവർ എങ്ങനെ ജീവിച്ച് പോകുന്നു എന്നോര്‍ത്തു. ഈ ചേല്‍ക്ക് ഇവരെ തെരുവിൽ തള്ളി വിട്ടവരെ കുറിച്ചോര്‍ത്ത് വേറുപ്പോട് കൂടിയ ഒരു നെടുവീര്‍പ്പിട്ടു. 

ആ സ്ത്രീക്ക് ഒരു വടി കൊണ്ട്പോയി കൊടുത്ത് സഹായിക്കണമെന്ന് തോന്നി. നന്നേ ചുരുങ്ങിയത് ഭക്ഷണം വാങ്ങി കഴിക്കാൻ ഒരു നാല്‍പ്പതോ അന്‍പതോ രൂപ കൊടുക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. കീശയിൽ തപ്പി അന്‍പതിന്‍റെ നോട്ട് അവർക്ക് കൊടുക്കാൻ വേണ്ടി കയ്യിൽ എടുത്തു വെക്കുകയും ചെയ്തു. അവരുടെ ദീനമായ മുഖത്തേക്ക് നോക്കിയപ്പോഴൊക്കെ ഉടനെ ഓടി ചെന്ന് കൈകളില്‍ താങ്ങിയെടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി ഇരുത്തിയാലോ എന്നും ചിന്തിച്ചു. പക്ഷെ, പിന്നെ ആലോചിച്ചപ്പോള്‍ ഇത്രയും ആള്‍ക്കൂട്ടത്തിനിടയിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്താൽ ഇവരൊക്കെ എങ്ങനെ ചിന്തിക്കുമെന്ന് ഭയന്ന് അവിടെ തന്നെ കണ്ടിട്ടില്ലാത്ത മാതിരി നിന്നു. 

‘ഹൊ, ഒരു വല്യ സഹായി വന്നിരിക്കുന്നു’, ‘ആള്‍ക്കാരെ കാണിക്കാൻ വേണ്ടിയുള്ള ഓരോ തരികിട’, ‘ഇവനാരാ ഇങ്ങനെയൊക്കെ ചെയ്യാന്‍, മഹാത്മാവോ’ എന്നൊക്കെ ആളുകള്‍ പിറുപിറുക്കുമെന്ന തോന്നൽ. 

ബസ്‌ സ്റ്റോപ്പിന്‍റെ തൊട്ടടുത്ത് വന്ന് കിതച്ചുകൊണ്ട് അവർ അവിടെ കൂടിയവരെയൊക്കെ മാറി മാറി നോക്കി. ഇടക്ക് എന്‍റെ കണ്ണുകളിലും ആ കുഴഞ്ഞ കണ്ണുകള്‍ പാറി വീണു. ‘പാവം തള്ള’ എന്ന് ആത്മഗതം ചെയ്ത് ഞാൻ എന്‍റെ കണ്ണുകളെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടു.

ഇടക്ക് രണ്ടു മൂന്ന് ബസ്സുകൾ സ്റ്റോപ്പിൽ നിര്‍ത്തുകയും ആളുകളെ കയറ്റി പോവുകയും ചെയ്തു. തള്ളയെ കാണാതിരിക്കാൻ വേണ്ടി ഞാൻ ബേഗ് ശരിയാക്കി കുറച്ചു മുമ്പോട്ട് കയറി നിന്നു. 

ഒരു സ്കൂള്‍ ബാലന്‍റെ ശബ്ധം കേട്ട് പിന്നിലേക്ക്‌ തന്നെ വീണ്ടും തിരിഞ്ഞു നോക്കി. ‘ഇതാ അമ്മച്ചീ എന്‍റെ കൈ പിടിച്ചോളീ’ എന്നും പറഞ്ഞ് ഒരു ചെക്കൻ തള്ളയുടെ അടുത്തേക്ക് നടക്കുകയാണ്. മനസ്സ് കോരിത്തരിച്ചു പോയി. ഒരു ചെറു ചെക്കന്‍ ഇതാ ഇത്രയും പേരുടെ കണ്ണ് തുറപ്പിക്കുന്നു. 

കീശയില്‍ കയ്യിട്ട് . ‘ഇതാ, ഇത് മുപ്പതു രൂപണ്ട്, ഭക്ഷണം കഴിച്ചോളീ’ എന്നും പറഞ്ഞ് അവന്‍ കുറച്ചു നോട്ടും അവരുടെ കയ്യിൽ വെച്ച് കൊടുത്തു. അവര്‍ നടന്നു പോകുന്നതിനിടയിൽ ഒരു തടിയൻ ചെന്ന് കുറച്ചു രൂപ തള്ളക്കു നല്‍കി അവരുടെ ഊരും പേരും അന്വേഷിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവര്‍ക്ക് ചുറ്റും ആള് കൂടി. ഇതുവരെ തിരിഞ്ഞു നോക്കാത്തവര്‍ വരെ താല്‍പര്യപൂര്‍വ്വം അവരുടെ കാര്യങ്ങളന്വാഷിച്ചു പിന്നാലെ കൂടിയിട്ടുണ്ട്. നൊടിയിടയില്‍തന്നെ ആ സ്ത്രീക്ക് വേണ്ടിയതിലധികം കാശ് തരപ്പെട്ടു, വാഗ്ദാനങ്ങളും. 

‘ഹാവൂ, തള്ള കഴിച്ചിലായി’ എന്ന് സമാശ്വാസിച്ച് കയ്യിൽ പിടിച്ചിരുന്ന നോട്ട് കീശയിലേക്ക്‌ തന്നെയിട്ടു. ‘ഒരുപാടുപേര്‍ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്, ഇനി എന്‍റെ സഹായത്തിന്‍റെ ആവിശ്യമില്ല’ എന്ന് മനോഗതം ചെയ്ത്‌ ഞാന്‍ ഉടനെ തന്നെ റോഡിലേക്ക് ഇറങ്ങി നിന്നു എനിക്കുള്ള ബസ്സിലേക്ക് കയറാനായി. 

അങ്ങനെ ഞാനും ഒരു തനി മലയാളിയാണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തി. എങ്കിലും ആ ചെക്കനെ ഉള്ളാലെ നമിക്കാതെ വയ്യ...

Tuesday 26 November 2013

ഫാസ്റ്റ് ഫുഡ്

രാവിലെ ഒരു പേക്ക് ബ്രഡും നാല് കോഴിമുട്ടയും വാങ്ങി കൊണ്ട് വന്ന് ചായ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.. ബ്രഡ് ഓംലൈറ്റ് കഴിച്ചിട്ട് കാലം കുറെ ആയി..

കൊണ്ട് വന്ന ബ്രഡിന്‍റെ ഗുണനിലവാരം നോക്കാൻ ഒരു കഷണം എടുത്ത് വായിലിട്ടു. ‘ഹ്ം...തരക്കടില്ല...ഗോതിമ്പിന്‍റെ സ്വാദുണ്ട്!’

ചട്ടിയും മറ്റു അനുബന്ധ സാധനങ്ങളും തരാതരം പോലെ അണിനിരത്തി ചട്ടി അടുപ്പത്തേക്ക് കയറ്റി വെച്ചു. റേഡിയോ കേൾക്കാൻ പറ്റിയ സമയം ഇത് തന്നെ..! മൊബൈലിൽ കണക്റ്റർ വെച്ച് എഫ് എം ഓണാക്കി അന്തരീക്ഷം സംഗീത മയമാക്കി.. ഹാ, എന്തൊരു നവ്യമായ അനുഭൂതി...

അടുപ്പ് കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി കാണാനില്ല..ചുറ്റും കുറെ തിരഞ്ഞു നടന്നു..ഫലം നാസ്തി.

‘പണ്ടാറടങ്ങാൻ.! അരിശം വരാൻ മറ്റെന്തെങ്കിലും വേണോ..!’

തിരുമ്പാൻ വേണ്ടി കൂട്ടിയിട്ടതിൽനിന്ന് ഒരു കുപ്പായവും ദേഹത്തിട്ട് അടുത്തുള്ള കടയിലേക്ക് കുതിച്ചു...

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതില്ലൊ, കടയിൽ ഹാജ്യാരില്ല (കട മുതലാളി)..! വിശന്ന് വയറിൽ ശൃംഗാരിമേളം നടക്കുന്നു... പക്ഷെ കാത്തിരിക്കാതെ തരമില്ല..

ഹാവു, നാലഞ്ച് മിനിറ്റ് കഴിഞ്ഞ് ചുണ്ടെത്തൊരു എരിയുന്ന സിഗരറ്റുമായി ഹാജ്യാർ ഹാജറായി..

‘കാക്കെ, ഒരു ബീഡി’

തീപ്പെട്ടിയെന്നുള്ളത് ബത്തപാടിൽ ബീഡിഎന്നായതാണ്...

‘മോനെ അപ്പം നീയും ബീഡി ബലിക്കോ? അതിശം തന്നെ! അല്ല, അപ്പജ്ജ് കമ്മ്യൂണിസ്റ്റായോ?! ഹ്ംമ്.. ന്നാ ഇഞ്ഞ് ജ്ജ് ബൈകാതെ കുടീം തൊടങ്ങിക്കോളും..!’

‘മാറിപ്പോയതാണ് ഹാജ്യാരെ., തീപ്പെട്ടീന്നാ ഉദ്ദേഷിച്ചെ.. ഇഞ്ഞ് അയിമ്മെ ബണ്ടിട്ത്ത് കൂടണ്ട..’ ഞാനെന്‍റെ നിരപരാധിത്തം വിനയപൂർവ്വം ബോധിപ്പിച്ചു.

ബീഡി വലിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ്കാരണെന്നാണ് മൂപ്പരെ വിചാരം.. അത് കൊണ്ട് മൂപ്പര് ബീഡി വലിക്കാറില്ല.. കമ്മ്യൂണിസ്റ്റ് കാരെ മുമ്പേ കണ്ടുകൂട...ആ കടേന്ന് എന്തങ്കിലും വാങ്ങുമ്പോൾ മാത്രമാണ് അവരോട് ഒരു പിരിശം ഉണ്ടാകുന്നത്.

സിഗരറ്റിന്‍റെ പുക എന്‍റെ മുഖത്തേക്ക് പറത്തി വിട്ട് ഒരു തീപ്പെട്ടി എന്‍റെ നേരെ നീട്ടി..

ഒരു രൂപയാണ് വില. പത്ത് രൂപ കൊടുത്തു..

എടുത്തപടി മൂപ്പര് ചോദിച്ചു...’ചില്ലെറൊന്നുമില്ലെ കുട്ട്യേ അന്‍റെ കജ്ജില്?’

‘ഹില്ലാജ്യാരെ, ആകെയുള്ള പത്തുറുപ്പ്യേണ് ഇത്..!’

എന്തൊക്കെയോ മുറുമുറുത്ത് ബാക്കി കയ്യിൽ വെച്ച് തന്നു..

കിട്ടിയപാടെ അതുമായി ഞാൻ റൂമിലേക്കോടി..

കൂനിക്കൂടിയിരുന്ന് അടുപ്പ് കത്തിക്കാൻ തീപ്പെട്ടി ഉരച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചോണൻ കാലിലൊരു കടി.. ദേഷ്യം പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആകെ ഒരു ഉൾക്കിടിലമുണ്ടായി...

’യാ റബ്ബെ! ബ്രഡിന്‍റെ പേക്കിൽ അതാ ഉറുമ്പുകളുടെ മഹാ സമ്മേളനം നടക്കുന്നു..!”

‘ചോണശിരോമണികൾ!! അപ്പൊ ഈ കട്ടുറുമ്പ് കട്ടുറുമ്പ് എന്ന് പറയുന്നതും ഇവ തന്നെയാവും..തെണ്ടികൾ!!’

വിശപ്പ് മൂർധന്യതയിലെത്തി നിൽക്കുന്ന എനിക്ക് പെട്ടന്ന് തലയിൽ ബൾബ് കത്തി! ഇനിയും അടുപ്പ് കത്തിക്കാൻ നിന്നാൽ ബ്രഡ് ഉറുമ്പുകൾ കൊണ്ടുപോകും എന്ന വെളിപാടുണ്ടായി..

ഉടനെ ചട്ടിയും മറ്റും തട്ടി നീക്കി ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് ഓടി വന്നു.. ബ്രഡ് മുഴുവനും അതിലേക്ക് ചെരിഞ്ഞ് പഞ്ചസാരയും പാലും ചേർത്ത് ഒന്നായി കൂട്ടിയിളക്കി.. അങ്ങനെ ശടപടാന്ന് ഉറുമ്പുരസായനി തയ്യാറാക്കി..

‘പഞ്ചസാരയും പാലും പുളിയും ചേർന്നെപ്പോൾ എന്താ ഒരുരസം! മർമ്മാതി രസായനം മർമ്മാതി രസായനം എന്ന് പറയുന്നത് ഇത് തന്നെ..!’ ഈ ബുദ്ധി എനിക്ക് നേരെത്തെ തോന്നാത്തതിൽ വളരെ കുണ്ഢിതം തോന്നി..



ചോണനോ കട്ടുറുമ്പോ ആയാലും വേണ്ടില്ല ഇവ കാട്ടുറുമ്പാകാഞ്ഞത് നന്നായി.. കാരണം ‘പശ്ചിമഘട്ടത്തിന്‍റെ’ കാലമാണല്ലോ ഇത്...!!

Monday 25 November 2013

ഒരു മകന്‍റെ തിരിച്ചു വരവ്!

മഴ പെയ്യുന്ന ഒരു രാത്രിയിൽ അമ്മയേയും, പെങ്ങളേയും, വികലാംഗനായ തന്‍റെ അനുജനേയും തനിച്ചാക്കി അയാൾ വീടുവിട്ടിറങ്ങി. എങ്ങു പോകണമെന്ന ലക്ഷ്യം ഇല്ലായിരുന്നെങ്കിലും ഒരുറച്ച തീരുമാനം മനസ്സിലുണ്ട്...തന്‍റെ കുടുംബ്ബത്തെ ദാരിദ്രത്തിന്‍റെ നെല്ലിപടിയിൽ നിന്നും കരകയറ്റണം...

വീടിറങ്ങുമ്പോൾ മധ്യവയസ്കയായ അമ്മയേയും പെങ്ങളേയും അനുജനേയും അവസാനമായൊരു നോക്കു കണ്ടു. അവന്‍റെ വിശന്നൊട്ടിയ വയർ അയാളെ നന്നെ വേദനിപ്പിച്ചു. പൊടിഞ്ഞു വന്ന കണ്ണീർ പൊത്തിപിടിച്ച് ഇടറുന്ന കാലടികളോടെ പടിയിറങ്ങി. ഇനി എന്ന് തിരിച്ചെത്തുമെന്നറിയില്ല.. പെങ്ങളെ കെട്ടിച്ചയക്കണം, വീട് നന്നാക്കണം, അനിയനെ വീണ്ടും സ്കൂളിലയക്കണം..അങ്ങനെ വീട്ടിൽ എന്നും ഐശ്വര്യം കളിയാടണം... ഇതിനെല്ലാം ആവിശ്യമാണ് പണം...അത് നേടണം...ഇപ്പോൾ ബാധ്യത മുഴുവൻ തന്നിലാണ്..

സമയം പാതിരാ കഴിഞ്ഞു കാണണം.. വിജനമായ റോഡിൽ നിലാവിന്‍റെ നേർത്ത രശ്മികൾ വഴികാണിച്ചു. റോഡിനിരു വശങ്ങളിലേയും വൃക്ഷ ശിഖിരങ്ങൾ ആടിയുലഞ്ഞപ്പോൾ രക്ത ദാഹികളായ ഭീഗര രൂപികളെപോലെ തോന്നിച്ചു. ദഃഖത്താൽ നീറിമറിഞ്ഞ മനസ്സിനും ശരീരത്തിനും മന്ദമാരുതൻ തെല്ലാശ്വാസമേകി. അന്തരീക്ഷത്തിൽ ചിവീടുകളുടെ ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു. 

വീട്ടിൽനിന്നും ഏറെയകന്ന് പ്രധാനറോഡിലേക്ക് കാലെടുത്ത് വെച്ചപ്പോൾ എങ്ങോട്ടു പോകണമെന്ന് ശങ്കിച്ചുനിന്നു. ദൂരെ ഒരു പ്രകാശനാളം കണ്ട് ഏതെങ്കിലും വാഹനത്തിന്‍റെതാകുമെന്ന് കരുതി ആവേശത്താൽ അങ്ങോട്ടേക്ക് ധൃതിവെച്ചു. ഏറെ നടത്തത്തിനു ശേഷം അതിനടുത്തെത്താനായപ്പോഴാണ് തനിക്ക് അമളിപറ്റിയെന്നയാളറിയുന്നത്. ഉഗ്രജോലയോടെ കത്തികൊണ്ടിരിക്കുന്ന തെരുവ് വിളക്കായിരുന്നത്. അവിടുന്നങ്ങോട്ട് കണ്ണെത്താ ദൂരത്തോളം പ്രകാശഗോളങ്ങൾ നിരന്നുനിൽക്കുന്നതും കാണാം. 

പിന്തിരിഞ്ഞില്ല. മുന്നോട്ട് തന്നെ നീങ്ങി. അവിചാരിതമായി ഒരു വാഹനത്തിന്‍റെ പ്രകാശരശ്മികൾ മുമ്പിൽ പ്രത്യക്ഷപെട്ടു തുടങ്ങി. വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. 

വാഹനത്തിന്‍റെ ഇരുമ്പലിന് ശക്തി കൂടി. വളരെ അടുത്തെത്തിയിരിക്കുന്നു, ലോറിയാണ്. ജീവിതത്തിന് എന്തെങ്കിലും പിടിവള്ളികിട്ടുമെന്ന വിശ്വസത്താൽ മുമ്പിൽചാടി കൈകാണിച്ചു.


ലോറി വളരെ അനുസരണയോടെ അയാൾക്ക് മുമ്പിൽ നിശ്ചലമായി. വാതിലിനടുത്തിരുന്നയാൾ അത് തുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു. മരം ലോഡാക്കി പോകുകയാണ്. കൂസലന്യേ അതിലേക്ക് ചാടിക്കയറി ഡോർ വലിച്ചടച്ചു. 

ലോറി അകലത്തേക്ക് കുതിച്ചുപാഞ്ഞു. 

“എന്താ പേര്?” അടുത്തിരുന്നയാൾ ചോദിച്ചു. 

“രഘുനാഥ്”

“എന്താ പാതിരാത്രിക്ക് ഈ വഴി.. എങ്ങോട്ടാ പോകാനുള്ളത്?”

“ഏയ്, ഒന്നൂല...വെറുതെ....., വെറുതെ ഒരു ഒരു ചുറ്റിക്കറക്കം..” രഘുനാഥ് ഒന്ന് പരുങ്ങി. 

“അപ്പോൾ ലക്ഷ്യമൊന്നുമില്ലെ..! ഹ്ം..സത്യം പറയണം.. താനെന്തോ ഒളിക്കുന്നുണ്ട്.. വല്ല അടിപിടിയോ കത്തികുത്തോ അതോ മറ്റു വല്ല...” അയാൾ രഘുനാഥിനെ തറപ്പിച്ചു നോക്കി..

“ഏയ്..അതല്ല.! അത്... അത്...പിന്നെ എനിക്കീ നാട് വല്ലാതെ മടുത്തു പോയിരിക്കുന്നു..! പണമില്ല..പണിയില്ല..ചങ്ങാതിമാരില്ല..! ഹൊ, പട്ടിണി സഹിക്കാൻ വയ്യ..!എന്നെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളൂ..വലിയ ഉപകാരമാകും...ദയവായി, ഇനിയും എന്നോട് ചോദ്യങ്ങൾ ചോദിക്കരുത്”

“ഈ പാതിരാത്രിയിലോ?”

“വീട്ടിലുള്ളവർ അറിയേണ്ടെന്ന് കരുതിയാ ഈ അസമയത്ത് പുറപ്പെട്ടത്.. വീട്ടിലാരും സമ്മതികത്തില്ല.. ഭാഗ്യം, അപ്പോയാണ് നിങ്ങളെ കണ്ടത്.. നിങ്ങളുടെ നല്ല മനസ്സെന്നെ കൈ വെടിഞ്ഞില്ല.”

പിന്നീടാരുമൊന്നും മിണ്ടിയില്ല. 

റോഡരികിലുണ്ടായിരുന്ന തെരുവു വിളക്കുകളോരോന്നും ശരവേഗം വളരെ പിന്നിലേക്ക് മാഞ്ഞുകൊണ്ടിരുന്നു.. കാണെ കാണെ അവ അപ്രതക്ഷ്യമായി. 

രഘുനാഥിന്‍റെ മനസ്സിൽ തന്‍റെ വീടിന്‍റെയും കുടുംബ്ബത്തിന്‍റെയും ചിത്രം ചിറകടിച്ചു പറന്ന് വന്നു. ‘ചോർന്നൊലിക്കുന്ന വീടിന് എത്രയോ കാലത്തെ പഴക്കമുണ്ട്. തകർന്ന് വീഴാറായിരിക്കുന്നു. വളരെ ദിവസമായി നല്ല വണ്ണം പുകയാതെ കിടക്കുന്ന അടുപ്പ്. വീടിനുള്ളിൽ ആരും ആശ്രയമില്ലാതെ വിശന്നെരിയുന്ന മൂന്ന് ജീവനുകൾ..!! ഏക ആശ്രയമായിരുന്ന താനിതാ..അവിടെ നിന്നും അവരറിയാതെ, ഒരു യാത്രപോലും ചോദിക്കാതെ ഒളിച്ചോടിപോന്നിരിക്കുന്നു..വിഡ്ഢി!’

പെങ്ങൾ, അനുജൻ, പിന്നെ തന്നെ ഇത്രയും കാലം പോറ്റിവളർത്തിയ സ്നേഹനിധിയായ അമ്മ..! ഓർക്കുന്തോറും മനസ്സിൽ ദുഃഖമേറിവരികയാണ്.. ഒരു നിമിഷത്തേക്കെങ്കിലും അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അവ കൂടുതൽ പ്രയാസമാണനുഭവപ്പെടുത്തിയത്. നാളെ രാവിലെ തന്നെയവിടെ കാണാതാകുമ്പോൾ അവർ എത്രമാത്രം ദുഃഖിക്കും! അവർ എന്നെ വെറുക്കുമോ? അവരുടെ ജീവിതം ഒന്നുമല്ലാതായി തീരുമോ? ദൈവമെ, എന്നോട് പൊറുക്കണേ! ഞങ്ങളെ പട്ടിണിയുടെ വറുതിയിൽ നിന്ന് കരകയറ്റണേ.. നല്ലതിനാവട്ടെ ഈ യാത്ര..”

അയാൾ ദീർഘമായൊരു നെടുവീർപ്പിട്ടു. 

പിന്നെയെപ്പൊയോ രാത്രിയിടെ ഏതോയാമത്തിൽ നീണ്ടമയക്കത്തിലേക്കയാൾ വഴുതിവീണു. ഇരുവശങ്ങളിലും ഇരുപ്പുറപ്പിച്ച ഡ്രൈവറും ക്ലീനറും അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു...!!!


(തുടരും)

Post Your Facebook Comments Down