Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Thursday 5 December 2013

തനി മലയാളി


കോഴിക്കോട് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു. സ്റ്റോപ്പിലേക്ക് കയറിയപ്പോൾ അവിടെ എനിക്ക് മുമ്പേ തന്നെ ഒരു കൂട്ടം ജനങ്ങൾ ബസ്സും കാത്തു നിൽക്കുന്നുണ്ട്. പല തരക്കാരും പല വഴിക്ക് പോകാനുള്ളവരും. ഞാന്‍ അവരിലൊരാളായി ആകാംഷയോടെ വണ്ടി വരുന്നിടത്തേക്കും നോക്കി നിൽപ്പാണ്.അപ്രതീക്ഷിതമായ ചില മുറുമുറുപ്പുകൾ കേട്ട് എതിർ വശത്തേക്ക് തിരിഞ്ഞു നോക്കി. അവിടെനിന്നും പ്രായമായ ഒരു തള്ള ഊര കുനിച്ചു വളരെ സാവകാശം നടന്നു വരുന്നത് കണ്ടു. ഏഴ് എന്ന ആകൃതിയിലായിരുന്നു അവരുടെ നടത്തം. കയ്യില്‍ താങ്ങി പിടിക്കാൻ വടിയില്ലാത്തതിനാൽ അവരുടെ ഓരോ കാല്‍വെപ്പിലും തെന്നി മറിഞ്ഞു വീഴാൻ സാധ്യത ഏറെയായിരുന്നു. 

ചിലര്‍ അവരുടെ നടത്തം കണ്ട് അടക്കി ചിരിക്കുന്നു. ‘തള്ള ഇതാ ഇപ്പോള്‍ വീഴും’ എന്ന മട്ടില്‍ ആകാംഷാഭരിതരാണവർ. ചിലര്‍ വെപ്രാളപ്പെടുന്നു. ഇതൊക്കെ സാധാരണ കാഴ്ച്ച എന്ന മട്ടില്‍ തിരിഞ്ഞു നോക്കാത്തവരും ഒരുപാടുണ്ടായിരുന്നു കൂട്ടത്തിൽ. 

എന്‍റെ ഉള്ളിലും അസാധാരണമായ ഒരാധി പൊങ്ങി വന്നു. ഈ പ്രായത്തിൽ ഇവർ എങ്ങനെ ജീവിച്ച് പോകുന്നു എന്നോര്‍ത്തു. ഈ ചേല്‍ക്ക് ഇവരെ തെരുവിൽ തള്ളി വിട്ടവരെ കുറിച്ചോര്‍ത്ത് വേറുപ്പോട് കൂടിയ ഒരു നെടുവീര്‍പ്പിട്ടു. 

ആ സ്ത്രീക്ക് ഒരു വടി കൊണ്ട്പോയി കൊടുത്ത് സഹായിക്കണമെന്ന് തോന്നി. നന്നേ ചുരുങ്ങിയത് ഭക്ഷണം വാങ്ങി കഴിക്കാൻ ഒരു നാല്‍പ്പതോ അന്‍പതോ രൂപ കൊടുക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. കീശയിൽ തപ്പി അന്‍പതിന്‍റെ നോട്ട് അവർക്ക് കൊടുക്കാൻ വേണ്ടി കയ്യിൽ എടുത്തു വെക്കുകയും ചെയ്തു. അവരുടെ ദീനമായ മുഖത്തേക്ക് നോക്കിയപ്പോഴൊക്കെ ഉടനെ ഓടി ചെന്ന് കൈകളില്‍ താങ്ങിയെടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി ഇരുത്തിയാലോ എന്നും ചിന്തിച്ചു. പക്ഷെ, പിന്നെ ആലോചിച്ചപ്പോള്‍ ഇത്രയും ആള്‍ക്കൂട്ടത്തിനിടയിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്താൽ ഇവരൊക്കെ എങ്ങനെ ചിന്തിക്കുമെന്ന് ഭയന്ന് അവിടെ തന്നെ കണ്ടിട്ടില്ലാത്ത മാതിരി നിന്നു. 

‘ഹൊ, ഒരു വല്യ സഹായി വന്നിരിക്കുന്നു’, ‘ആള്‍ക്കാരെ കാണിക്കാൻ വേണ്ടിയുള്ള ഓരോ തരികിട’, ‘ഇവനാരാ ഇങ്ങനെയൊക്കെ ചെയ്യാന്‍, മഹാത്മാവോ’ എന്നൊക്കെ ആളുകള്‍ പിറുപിറുക്കുമെന്ന തോന്നൽ. 

ബസ്‌ സ്റ്റോപ്പിന്‍റെ തൊട്ടടുത്ത് വന്ന് കിതച്ചുകൊണ്ട് അവർ അവിടെ കൂടിയവരെയൊക്കെ മാറി മാറി നോക്കി. ഇടക്ക് എന്‍റെ കണ്ണുകളിലും ആ കുഴഞ്ഞ കണ്ണുകള്‍ പാറി വീണു. ‘പാവം തള്ള’ എന്ന് ആത്മഗതം ചെയ്ത് ഞാൻ എന്‍റെ കണ്ണുകളെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടു.

ഇടക്ക് രണ്ടു മൂന്ന് ബസ്സുകൾ സ്റ്റോപ്പിൽ നിര്‍ത്തുകയും ആളുകളെ കയറ്റി പോവുകയും ചെയ്തു. തള്ളയെ കാണാതിരിക്കാൻ വേണ്ടി ഞാൻ ബേഗ് ശരിയാക്കി കുറച്ചു മുമ്പോട്ട് കയറി നിന്നു. 

ഒരു സ്കൂള്‍ ബാലന്‍റെ ശബ്ധം കേട്ട് പിന്നിലേക്ക്‌ തന്നെ വീണ്ടും തിരിഞ്ഞു നോക്കി. ‘ഇതാ അമ്മച്ചീ എന്‍റെ കൈ പിടിച്ചോളീ’ എന്നും പറഞ്ഞ് ഒരു ചെക്കൻ തള്ളയുടെ അടുത്തേക്ക് നടക്കുകയാണ്. മനസ്സ് കോരിത്തരിച്ചു പോയി. ഒരു ചെറു ചെക്കന്‍ ഇതാ ഇത്രയും പേരുടെ കണ്ണ് തുറപ്പിക്കുന്നു. 

കീശയില്‍ കയ്യിട്ട് . ‘ഇതാ, ഇത് മുപ്പതു രൂപണ്ട്, ഭക്ഷണം കഴിച്ചോളീ’ എന്നും പറഞ്ഞ് അവന്‍ കുറച്ചു നോട്ടും അവരുടെ കയ്യിൽ വെച്ച് കൊടുത്തു. അവര്‍ നടന്നു പോകുന്നതിനിടയിൽ ഒരു തടിയൻ ചെന്ന് കുറച്ചു രൂപ തള്ളക്കു നല്‍കി അവരുടെ ഊരും പേരും അന്വേഷിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവര്‍ക്ക് ചുറ്റും ആള് കൂടി. ഇതുവരെ തിരിഞ്ഞു നോക്കാത്തവര്‍ വരെ താല്‍പര്യപൂര്‍വ്വം അവരുടെ കാര്യങ്ങളന്വാഷിച്ചു പിന്നാലെ കൂടിയിട്ടുണ്ട്. നൊടിയിടയില്‍തന്നെ ആ സ്ത്രീക്ക് വേണ്ടിയതിലധികം കാശ് തരപ്പെട്ടു, വാഗ്ദാനങ്ങളും. 

‘ഹാവൂ, തള്ള കഴിച്ചിലായി’ എന്ന് സമാശ്വാസിച്ച് കയ്യിൽ പിടിച്ചിരുന്ന നോട്ട് കീശയിലേക്ക്‌ തന്നെയിട്ടു. ‘ഒരുപാടുപേര്‍ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്, ഇനി എന്‍റെ സഹായത്തിന്‍റെ ആവിശ്യമില്ല’ എന്ന് മനോഗതം ചെയ്ത്‌ ഞാന്‍ ഉടനെ തന്നെ റോഡിലേക്ക് ഇറങ്ങി നിന്നു എനിക്കുള്ള ബസ്സിലേക്ക് കയറാനായി. 

അങ്ങനെ ഞാനും ഒരു തനി മലയാളിയാണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തി. എങ്കിലും ആ ചെക്കനെ ഉള്ളാലെ നമിക്കാതെ വയ്യ...

Tuesday 26 November 2013

ഫാസ്റ്റ് ഫുഡ്

രാവിലെ ഒരു പേക്ക് ബ്രഡും നാല് കോഴിമുട്ടയും വാങ്ങി കൊണ്ട് വന്ന് ചായ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.. ബ്രഡ് ഓംലൈറ്റ് കഴിച്ചിട്ട് കാലം കുറെ ആയി..

കൊണ്ട് വന്ന ബ്രഡിന്‍റെ ഗുണനിലവാരം നോക്കാൻ ഒരു കഷണം എടുത്ത് വായിലിട്ടു. ‘ഹ്ം...തരക്കടില്ല...ഗോതിമ്പിന്‍റെ സ്വാദുണ്ട്!’

ചട്ടിയും മറ്റു അനുബന്ധ സാധനങ്ങളും തരാതരം പോലെ അണിനിരത്തി ചട്ടി അടുപ്പത്തേക്ക് കയറ്റി വെച്ചു. റേഡിയോ കേൾക്കാൻ പറ്റിയ സമയം ഇത് തന്നെ..! മൊബൈലിൽ കണക്റ്റർ വെച്ച് എഫ് എം ഓണാക്കി അന്തരീക്ഷം സംഗീത മയമാക്കി.. ഹാ, എന്തൊരു നവ്യമായ അനുഭൂതി...

അടുപ്പ് കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി കാണാനില്ല..ചുറ്റും കുറെ തിരഞ്ഞു നടന്നു..ഫലം നാസ്തി.

‘പണ്ടാറടങ്ങാൻ.! അരിശം വരാൻ മറ്റെന്തെങ്കിലും വേണോ..!’

തിരുമ്പാൻ വേണ്ടി കൂട്ടിയിട്ടതിൽനിന്ന് ഒരു കുപ്പായവും ദേഹത്തിട്ട് അടുത്തുള്ള കടയിലേക്ക് കുതിച്ചു...

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതില്ലൊ, കടയിൽ ഹാജ്യാരില്ല (കട മുതലാളി)..! വിശന്ന് വയറിൽ ശൃംഗാരിമേളം നടക്കുന്നു... പക്ഷെ കാത്തിരിക്കാതെ തരമില്ല..

ഹാവു, നാലഞ്ച് മിനിറ്റ് കഴിഞ്ഞ് ചുണ്ടെത്തൊരു എരിയുന്ന സിഗരറ്റുമായി ഹാജ്യാർ ഹാജറായി..

‘കാക്കെ, ഒരു ബീഡി’

തീപ്പെട്ടിയെന്നുള്ളത് ബത്തപാടിൽ ബീഡിഎന്നായതാണ്...

‘മോനെ അപ്പം നീയും ബീഡി ബലിക്കോ? അതിശം തന്നെ! അല്ല, അപ്പജ്ജ് കമ്മ്യൂണിസ്റ്റായോ?! ഹ്ംമ്.. ന്നാ ഇഞ്ഞ് ജ്ജ് ബൈകാതെ കുടീം തൊടങ്ങിക്കോളും..!’

‘മാറിപ്പോയതാണ് ഹാജ്യാരെ., തീപ്പെട്ടീന്നാ ഉദ്ദേഷിച്ചെ.. ഇഞ്ഞ് അയിമ്മെ ബണ്ടിട്ത്ത് കൂടണ്ട..’ ഞാനെന്‍റെ നിരപരാധിത്തം വിനയപൂർവ്വം ബോധിപ്പിച്ചു.

ബീഡി വലിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ്കാരണെന്നാണ് മൂപ്പരെ വിചാരം.. അത് കൊണ്ട് മൂപ്പര് ബീഡി വലിക്കാറില്ല.. കമ്മ്യൂണിസ്റ്റ് കാരെ മുമ്പേ കണ്ടുകൂട...ആ കടേന്ന് എന്തങ്കിലും വാങ്ങുമ്പോൾ മാത്രമാണ് അവരോട് ഒരു പിരിശം ഉണ്ടാകുന്നത്.

സിഗരറ്റിന്‍റെ പുക എന്‍റെ മുഖത്തേക്ക് പറത്തി വിട്ട് ഒരു തീപ്പെട്ടി എന്‍റെ നേരെ നീട്ടി..

ഒരു രൂപയാണ് വില. പത്ത് രൂപ കൊടുത്തു..

എടുത്തപടി മൂപ്പര് ചോദിച്ചു...’ചില്ലെറൊന്നുമില്ലെ കുട്ട്യേ അന്‍റെ കജ്ജില്?’

‘ഹില്ലാജ്യാരെ, ആകെയുള്ള പത്തുറുപ്പ്യേണ് ഇത്..!’

എന്തൊക്കെയോ മുറുമുറുത്ത് ബാക്കി കയ്യിൽ വെച്ച് തന്നു..

കിട്ടിയപാടെ അതുമായി ഞാൻ റൂമിലേക്കോടി..

കൂനിക്കൂടിയിരുന്ന് അടുപ്പ് കത്തിക്കാൻ തീപ്പെട്ടി ഉരച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചോണൻ കാലിലൊരു കടി.. ദേഷ്യം പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആകെ ഒരു ഉൾക്കിടിലമുണ്ടായി...

’യാ റബ്ബെ! ബ്രഡിന്‍റെ പേക്കിൽ അതാ ഉറുമ്പുകളുടെ മഹാ സമ്മേളനം നടക്കുന്നു..!”

‘ചോണശിരോമണികൾ!! അപ്പൊ ഈ കട്ടുറുമ്പ് കട്ടുറുമ്പ് എന്ന് പറയുന്നതും ഇവ തന്നെയാവും..തെണ്ടികൾ!!’

വിശപ്പ് മൂർധന്യതയിലെത്തി നിൽക്കുന്ന എനിക്ക് പെട്ടന്ന് തലയിൽ ബൾബ് കത്തി! ഇനിയും അടുപ്പ് കത്തിക്കാൻ നിന്നാൽ ബ്രഡ് ഉറുമ്പുകൾ കൊണ്ടുപോകും എന്ന വെളിപാടുണ്ടായി..

ഉടനെ ചട്ടിയും മറ്റും തട്ടി നീക്കി ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് ഓടി വന്നു.. ബ്രഡ് മുഴുവനും അതിലേക്ക് ചെരിഞ്ഞ് പഞ്ചസാരയും പാലും ചേർത്ത് ഒന്നായി കൂട്ടിയിളക്കി.. അങ്ങനെ ശടപടാന്ന് ഉറുമ്പുരസായനി തയ്യാറാക്കി..

‘പഞ്ചസാരയും പാലും പുളിയും ചേർന്നെപ്പോൾ എന്താ ഒരുരസം! മർമ്മാതി രസായനം മർമ്മാതി രസായനം എന്ന് പറയുന്നത് ഇത് തന്നെ..!’ ഈ ബുദ്ധി എനിക്ക് നേരെത്തെ തോന്നാത്തതിൽ വളരെ കുണ്ഢിതം തോന്നി..



ചോണനോ കട്ടുറുമ്പോ ആയാലും വേണ്ടില്ല ഇവ കാട്ടുറുമ്പാകാഞ്ഞത് നന്നായി.. കാരണം ‘പശ്ചിമഘട്ടത്തിന്‍റെ’ കാലമാണല്ലോ ഇത്...!!

Monday 25 November 2013

ഒരു മകന്‍റെ തിരിച്ചു വരവ്!

മഴ പെയ്യുന്ന ഒരു രാത്രിയിൽ അമ്മയേയും, പെങ്ങളേയും, വികലാംഗനായ തന്‍റെ അനുജനേയും തനിച്ചാക്കി അയാൾ വീടുവിട്ടിറങ്ങി. എങ്ങു പോകണമെന്ന ലക്ഷ്യം ഇല്ലായിരുന്നെങ്കിലും ഒരുറച്ച തീരുമാനം മനസ്സിലുണ്ട്...തന്‍റെ കുടുംബ്ബത്തെ ദാരിദ്രത്തിന്‍റെ നെല്ലിപടിയിൽ നിന്നും കരകയറ്റണം...

വീടിറങ്ങുമ്പോൾ മധ്യവയസ്കയായ അമ്മയേയും പെങ്ങളേയും അനുജനേയും അവസാനമായൊരു നോക്കു കണ്ടു. അവന്‍റെ വിശന്നൊട്ടിയ വയർ അയാളെ നന്നെ വേദനിപ്പിച്ചു. പൊടിഞ്ഞു വന്ന കണ്ണീർ പൊത്തിപിടിച്ച് ഇടറുന്ന കാലടികളോടെ പടിയിറങ്ങി. ഇനി എന്ന് തിരിച്ചെത്തുമെന്നറിയില്ല.. പെങ്ങളെ കെട്ടിച്ചയക്കണം, വീട് നന്നാക്കണം, അനിയനെ വീണ്ടും സ്കൂളിലയക്കണം..അങ്ങനെ വീട്ടിൽ എന്നും ഐശ്വര്യം കളിയാടണം... ഇതിനെല്ലാം ആവിശ്യമാണ് പണം...അത് നേടണം...ഇപ്പോൾ ബാധ്യത മുഴുവൻ തന്നിലാണ്..

സമയം പാതിരാ കഴിഞ്ഞു കാണണം.. വിജനമായ റോഡിൽ നിലാവിന്‍റെ നേർത്ത രശ്മികൾ വഴികാണിച്ചു. റോഡിനിരു വശങ്ങളിലേയും വൃക്ഷ ശിഖിരങ്ങൾ ആടിയുലഞ്ഞപ്പോൾ രക്ത ദാഹികളായ ഭീഗര രൂപികളെപോലെ തോന്നിച്ചു. ദഃഖത്താൽ നീറിമറിഞ്ഞ മനസ്സിനും ശരീരത്തിനും മന്ദമാരുതൻ തെല്ലാശ്വാസമേകി. അന്തരീക്ഷത്തിൽ ചിവീടുകളുടെ ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു. 

വീട്ടിൽനിന്നും ഏറെയകന്ന് പ്രധാനറോഡിലേക്ക് കാലെടുത്ത് വെച്ചപ്പോൾ എങ്ങോട്ടു പോകണമെന്ന് ശങ്കിച്ചുനിന്നു. ദൂരെ ഒരു പ്രകാശനാളം കണ്ട് ഏതെങ്കിലും വാഹനത്തിന്‍റെതാകുമെന്ന് കരുതി ആവേശത്താൽ അങ്ങോട്ടേക്ക് ധൃതിവെച്ചു. ഏറെ നടത്തത്തിനു ശേഷം അതിനടുത്തെത്താനായപ്പോഴാണ് തനിക്ക് അമളിപറ്റിയെന്നയാളറിയുന്നത്. ഉഗ്രജോലയോടെ കത്തികൊണ്ടിരിക്കുന്ന തെരുവ് വിളക്കായിരുന്നത്. അവിടുന്നങ്ങോട്ട് കണ്ണെത്താ ദൂരത്തോളം പ്രകാശഗോളങ്ങൾ നിരന്നുനിൽക്കുന്നതും കാണാം. 

പിന്തിരിഞ്ഞില്ല. മുന്നോട്ട് തന്നെ നീങ്ങി. അവിചാരിതമായി ഒരു വാഹനത്തിന്‍റെ പ്രകാശരശ്മികൾ മുമ്പിൽ പ്രത്യക്ഷപെട്ടു തുടങ്ങി. വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. 

വാഹനത്തിന്‍റെ ഇരുമ്പലിന് ശക്തി കൂടി. വളരെ അടുത്തെത്തിയിരിക്കുന്നു, ലോറിയാണ്. ജീവിതത്തിന് എന്തെങ്കിലും പിടിവള്ളികിട്ടുമെന്ന വിശ്വസത്താൽ മുമ്പിൽചാടി കൈകാണിച്ചു.


ലോറി വളരെ അനുസരണയോടെ അയാൾക്ക് മുമ്പിൽ നിശ്ചലമായി. വാതിലിനടുത്തിരുന്നയാൾ അത് തുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു. മരം ലോഡാക്കി പോകുകയാണ്. കൂസലന്യേ അതിലേക്ക് ചാടിക്കയറി ഡോർ വലിച്ചടച്ചു. 

ലോറി അകലത്തേക്ക് കുതിച്ചുപാഞ്ഞു. 

“എന്താ പേര്?” അടുത്തിരുന്നയാൾ ചോദിച്ചു. 

“രഘുനാഥ്”

“എന്താ പാതിരാത്രിക്ക് ഈ വഴി.. എങ്ങോട്ടാ പോകാനുള്ളത്?”

“ഏയ്, ഒന്നൂല...വെറുതെ....., വെറുതെ ഒരു ഒരു ചുറ്റിക്കറക്കം..” രഘുനാഥ് ഒന്ന് പരുങ്ങി. 

“അപ്പോൾ ലക്ഷ്യമൊന്നുമില്ലെ..! ഹ്ം..സത്യം പറയണം.. താനെന്തോ ഒളിക്കുന്നുണ്ട്.. വല്ല അടിപിടിയോ കത്തികുത്തോ അതോ മറ്റു വല്ല...” അയാൾ രഘുനാഥിനെ തറപ്പിച്ചു നോക്കി..

“ഏയ്..അതല്ല.! അത്... അത്...പിന്നെ എനിക്കീ നാട് വല്ലാതെ മടുത്തു പോയിരിക്കുന്നു..! പണമില്ല..പണിയില്ല..ചങ്ങാതിമാരില്ല..! ഹൊ, പട്ടിണി സഹിക്കാൻ വയ്യ..!എന്നെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളൂ..വലിയ ഉപകാരമാകും...ദയവായി, ഇനിയും എന്നോട് ചോദ്യങ്ങൾ ചോദിക്കരുത്”

“ഈ പാതിരാത്രിയിലോ?”

“വീട്ടിലുള്ളവർ അറിയേണ്ടെന്ന് കരുതിയാ ഈ അസമയത്ത് പുറപ്പെട്ടത്.. വീട്ടിലാരും സമ്മതികത്തില്ല.. ഭാഗ്യം, അപ്പോയാണ് നിങ്ങളെ കണ്ടത്.. നിങ്ങളുടെ നല്ല മനസ്സെന്നെ കൈ വെടിഞ്ഞില്ല.”

പിന്നീടാരുമൊന്നും മിണ്ടിയില്ല. 

റോഡരികിലുണ്ടായിരുന്ന തെരുവു വിളക്കുകളോരോന്നും ശരവേഗം വളരെ പിന്നിലേക്ക് മാഞ്ഞുകൊണ്ടിരുന്നു.. കാണെ കാണെ അവ അപ്രതക്ഷ്യമായി. 

രഘുനാഥിന്‍റെ മനസ്സിൽ തന്‍റെ വീടിന്‍റെയും കുടുംബ്ബത്തിന്‍റെയും ചിത്രം ചിറകടിച്ചു പറന്ന് വന്നു. ‘ചോർന്നൊലിക്കുന്ന വീടിന് എത്രയോ കാലത്തെ പഴക്കമുണ്ട്. തകർന്ന് വീഴാറായിരിക്കുന്നു. വളരെ ദിവസമായി നല്ല വണ്ണം പുകയാതെ കിടക്കുന്ന അടുപ്പ്. വീടിനുള്ളിൽ ആരും ആശ്രയമില്ലാതെ വിശന്നെരിയുന്ന മൂന്ന് ജീവനുകൾ..!! ഏക ആശ്രയമായിരുന്ന താനിതാ..അവിടെ നിന്നും അവരറിയാതെ, ഒരു യാത്രപോലും ചോദിക്കാതെ ഒളിച്ചോടിപോന്നിരിക്കുന്നു..വിഡ്ഢി!’

പെങ്ങൾ, അനുജൻ, പിന്നെ തന്നെ ഇത്രയും കാലം പോറ്റിവളർത്തിയ സ്നേഹനിധിയായ അമ്മ..! ഓർക്കുന്തോറും മനസ്സിൽ ദുഃഖമേറിവരികയാണ്.. ഒരു നിമിഷത്തേക്കെങ്കിലും അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അവ കൂടുതൽ പ്രയാസമാണനുഭവപ്പെടുത്തിയത്. നാളെ രാവിലെ തന്നെയവിടെ കാണാതാകുമ്പോൾ അവർ എത്രമാത്രം ദുഃഖിക്കും! അവർ എന്നെ വെറുക്കുമോ? അവരുടെ ജീവിതം ഒന്നുമല്ലാതായി തീരുമോ? ദൈവമെ, എന്നോട് പൊറുക്കണേ! ഞങ്ങളെ പട്ടിണിയുടെ വറുതിയിൽ നിന്ന് കരകയറ്റണേ.. നല്ലതിനാവട്ടെ ഈ യാത്ര..”

അയാൾ ദീർഘമായൊരു നെടുവീർപ്പിട്ടു. 

പിന്നെയെപ്പൊയോ രാത്രിയിടെ ഏതോയാമത്തിൽ നീണ്ടമയക്കത്തിലേക്കയാൾ വഴുതിവീണു. ഇരുവശങ്ങളിലും ഇരുപ്പുറപ്പിച്ച ഡ്രൈവറും ക്ലീനറും അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു...!!!


(തുടരും)

Saturday 23 November 2013

ജീവിതയാത്ര തുടരുന്നു...

ജീവിതത്തിൽ ഒരിക്കൽ മാത്രം തളിർത്ത് പുഷ്പ്പിക്കുന്ന സുന്ദര സുരഭില മോഹന കുസുമമത്രെ ബാല്യം! ചിലപ്പോൾ അത് അതിന്‍റെ നാമ്പിലെ വേരറ്റു പോകുന്നു.. ചിലത് വളർന്ന് പടർന്ന് ജീവിതത്തിന്‍റെ സായം സന്ധ്യയിൽ 
പോലും മധുര മനോഹര ഓർമ്മയായി വിരാജിക്കും...!


എന്‍റെ ബാല്യം എന്തായിരുന്നു എന്ന് ഇന്നാലോചിക്കുമ്പോൾ അൽഭുതകരമായ ഒരു സമസ്യയായി തോന്നുന്നു! അനന്ത കോടി ജനതതികൾ തങ്ങളുടെ വ്യവഹാരങ്ങളിൽ പുതുപുലരിയും കണ്ട് ദിനേനെ ജീവിത ചക്രം തള്ളിനീക്കുമ്പോൾ, ലോകത്തിന്‍റെ അപ്രസ്ക്തമായൊരു കോണിൽ ഒരു പ്രതേക സമയത്ത് ഞാൻ പിറന്നുവീണു എന്നത് പുതുമ അർഹിക്കാത്ത ഒരു സാധാരണ കാര്യമായേക്കാം, എങ്കിലും ഈ വസ്തുനിഷ്ഠലോകം അതിന്‍റെ സ്വഭാവ സവിശേഷതകൾ കൊണ്ട് എന്നെ തുടക്കത്തിലേ വല്ലാതെ അൽഭുതപെടുത്തിയിട്ടുണ്ട്..!


കത്തിയോ മറ്റു വല്ല മാരകായുധങ്ങളോ കണ്ടായിരുന്നില്ല എന്‍റെ ജനനം, ഉമ്മയുടെ വയർ സ്വയം തന്നെ കീറിമുറിച്ച് ഞാൻ പുറത്തേക്ക് ചാടുകയായിരുന്നു..!! ലോകത്തെ കാണാനുള്ള അടങ്ങാത്ത വാഞ്ജ! പക്ഷെ വിചാരിച്ചതു പോലെ ശുഭകരമായിരുന്നില്ല ഒരു തുടക്കവും...
വിശക്കുന്ന വയർ, കാലിയായ പാത്രങ്ങൾ, ഗാന്ധിയില്ലാത്ത കീശകൾ...! തമ്പ്രാക്കന്മാരും ഒരു പിടി പ്രമാണിമാരും ഒഴികെ, ഒരു പ്രദേശത്തെ ജനത മുഴുക്കെ പട്ടിണിയിലായ അസുഖകരമായ കാലം. സമയത്തിന്‍റെ അനിഷേധ്യമായ അടയാളത്തെ അന്വർത്ഥമാക്കികൊണ്ട് ഞാൻ ജനിക്കേണ്ടത്‌ അനിവാര്യതയായിരുന്നു, അതും ഈ സവിശേഷ നിമിഷത്തിൽ!! വിഭവദുർലഭതയുടെയും മാരകരോഗ പേമാരികളുടെയും കാലത്ത് അനാവിശ്യ വ്യാധിയോ വെപ്രാളമോ ആരിലും വിത്തിട്ടു വളർത്താതെ ഭൂമുഖം വളരെ ലാഘവത്തോടെയും പരിചിത ഭാവത്തിലും എന്നെ സീകരിച്ചു എന്നിടത് തുടങ്ങുന്നു ഈ ജീവിതം...!


കാലം കാത്തുവെച്ച കൈപ്പേറിയ അനുഭക്കടൽ അതിശീഘ്രം നീന്തിക്കടക്കാനുള്ള വ്യർതമായ ശ്രമം തുടക്കത്തിലേ മനസ്സിൽ അങ്കുരിച്ചു.. കൂട്ടുകാരെ പോലെ, സ്വന്തം മനോരാജ്യത്തിലെ രാജകുമാരനായി അറ്റമില്ലാത്ത ആഗ്രഹങ്ങളും പേറികൊണ്ടുള്ള കുതിചോട്ടത്തിനിടക്ക് കായൽ ചുഴിയിൽ ഒന്ന് നട്ടം തിരിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി.. പ്രപഞ്ചമാകുന്ന ഈ ചതുരംഗ കളത്തിൽ കളിയുടെ ബാലപാഠം പോലും അറിയാത്തവനാണ് ഞാനെന്ന്...ഈ കൈകളിൽ ബലഹീനതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടെന്നും .!


കാഴ്ച്ച മങ്ങി തുടങ്ങി..! യാത്രാക്ഷീണം! മുന്നോട്ടുള്ള പ്രയാണം ചുമച്ചും കുരച്ചും വലിച്ചുകൊണ്ട് പോവുകയാണ്...


ജീവിതം ജീവിച്ചു തന്നെ തീർക്കണമെല്ലൊ!!അതിനാൽ ഈ യാത്ര തുടരുന്നു...മംഗളം ഭവ! 

Saturday 27 April 2013

വലിപ്പച്ചെറുപ്പങ്ങള്‍

കാട് മൂടി കിടക്കുന്ന പള്ളി പറമ്പ് പെരുന്നാളോടനുബന്ധിച്ച് ഒന്ന് വെട്ടി വെടിപ്പാക്കാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു. പരന്ന് വിശാലമായി കിടക്കുന്ന പറമ്പില്‍ ആളുകളെ വെച്ച് പണിയെടുപ്പിച്ചാല്‍ ആഴ്ച്ച രണ്ടെടുക്കുമെന്നും നല്ല കായി ചിലവുള്ള ഏര്‍പ്പാടാണെന്നും കമ്മറ്റി പ്രസിഡണ്ട്‌ ബീരാന്‍ മുസ്ലിയാര്‍ മനസ്സില്‍ കണക്ക് കൂട്ടി. അത് കമ്മറ്റിയില്‍ ചര്‍ച്ചക്കിടുകയും ചൈതു.


നീണ്ട ചര്‍ച്ചക്കും സമയം പോക്കിനും ഇതൊരു നിമിത്തമായി. 'നാട്ടിലെ നാലാള്‍ക്കു നാല് കായി കിട്ടിയാല്‍ നല്ലതല്ലേ' എന്ന് ഒരു പാട് മെമ്പര്‍മാര്‍ അഭിപ്രായപെട്ടെങ്കിലും പ്രസിഡണ്ടടക്കമുള്ള ചേരിയുടെ അഭിപ്രായമാണ് അവസാനം അഗീകരിക്കപെട്ടത്.

'അങ്ങുമിങ്ങുമൊക്കെ വെറുതെ പണം കൊണ്ട്പോയി പാപ്പര്‍സൂട്ടാക്കുന്ന ആളുകളൊന്നും പള്ളി ബക്കറ്റില്‍ അഞ്ചുരൂപ പോലും ഇടാന്‍ മടിക്കുന്നവരാണ് .ഒന്നും രണ്ടും രൂപ ശബ്ദത്തോട്‌ കൂടി ബക്കറ്റിലെറിഞ്ഞ് പടച്ചോനോടുള്ള കച്ചോടം തീര്‍ന്നു എന്നാശ്വസിക്കുന്ന ഒരു ജനമാണ് നമ്മുടെ നാട്ടിലേത്.നമ്മളെ പോക്കറ്റില്‍ നിന്നുംതന്നെ ഇതിനൊക്കെ ചില്ലറ പൊടിക്കേണ്ടി വരും, അല്ലെങ്കി ഇരുപെത്തേഴാം രാവ് വരെ കാത്തിരിക്കേണ്ടി വരും!!' എന്ന് പ്രസിഡണ്ട് തറപ്പിച്ചു പറഞ്ഞപ്പോള്‍ ആദ്യം വലിയ വായില്‍ ബര്‍ത്താനിച്ചവരൊക്കെ മിണ്ടാപ്രാണികളായി. 
(കാശ് എല്ലാര്‍ക്കും മുസീബത്തുള്ള സംഗതിയാണല്ലോ!)

'ജെ സി ബി ആയാല്‍ കൊള്ളാം' എന്ന് ഹമീദ് മാസ്റ്റര്‍ അഭിപ്രായപെട്ടു. ഒറ്റ ദിവസം കൊണ്ട് പണി തീര്‍ന്നു കിട്ടും. ചെലവും കുറവ്! 

എല്ലാവരും ഒട്ടകെട്ടായി അതിന്മേല്‍ വാക്കുകള്‍ തറപ്പിച്ചു. ബീരാന്‍ മുസ്ലിയാര്‍ക്കും ആശ്വാസം. രണ്ടു മൂന്നു മണിക്കൂറു കൊണ്ട് പരിപാടി കഴിയും. പൈസ കുറവ്. ഇത് കഴിഞ്ഞാല്‍ മറ്റു വല്ല ഏര്‍പ്പാടുകളിലേക്ക് കടക്കുകയും ചെയ്യാം! എന്നിങ്ങനെ ആശ്വാസം കൊണ്ട് എല്ലാവരോടും കൂടെ ചോദിച്ചു: "അല്ല, എബ്ട്ന്നാപ്പം നല്ലൊരു ജെ സി ബി ഡ്രൈവറെ കിട്ടാ.. നല്ല പണിയറിയുന്ന ഒരുത്തനാവണം..നമ്മള നാട്ടീന്നെന്നായാല്‍ നന്ന്! ആരേലും അറിയോ അസീസ്‌ മാഷെ?'

മാളി കൊണ്ടിരുന്ന കണ്ണുകള്‍ മുഴുക്കെ തുറന്ന് അസീസ്‌ മാഷ്‌ ഒന്നാലോചിച്ചു പറഞ്ഞു : 'നമ്മളെ അബൂട്ടിന്‍റെ മോന്‍ ജ്യാഫര്‍ ജെ സി ബി ഡ്രൈവറാ.. നല്ല ചെക്കനാ... ഓന്‍ ഡ്രൈവറാണെങ്കില്‍ പണി പെട്ടെന്ന് തീര്‍ന്ന് കിട്ടും.. വേണെങ്കി ഞാന്‍ തന്നെ വിളിച്ചു പറയാം' 

ഒരു കോട്ടുവായിട്ടു തന്‍റെ പറച്ചിലിന് വിരാമമിട്ട് എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. 

'ന്‍റെ പുന്നാര പ്രസിഡന്‍റെ ഇഞ്ഞിതൊന്ന് പെട്ടൊന്നവസാനിപ്പിക്കീം' എന്ന് മനസ്സില്‍ മൂളി കണ്ണുകള്‍ പഴയ പടി പാതിയടച്ചു. 

'അത് മതി അത് മതി' എല്ലാവര്‍ക്കും സമ്മതം. 

'അടുത്ത വെള്ളിയാഴ്ച്ച പള്ളിപിരിവ് കഴിഞ്ഞ് ശനിയാഴ്ചക്ക് തന്നെ പരിപാടി തുടങ്ങും' എന്ന പ്രസിഡണ്ടിന്‍റെ പ്രഖ്യാപനത്തോട് കൂടി യോഗം പിരിഞ്ഞു. 


ശനിയാഴ്ച്ച മഹല്ലിലെ ഒട്ടു മിക്ക ജനങ്ങളും തിങ്ങി കൂടി. കാലങ്ങളായി കാട് പിടിച്ചു കിടന്നിരുന്ന ആ പള്ളി പറമ്പ് വൃത്തിയാക്കുന്ന പരിപാടി കാണാന്‍ എല്ലാര്‍ക്കും ഒരു രസം! നല്ല പുകഴ്പെറ്റ ജ്യാഫര്‍ തന്‍റെ നീളന്‍ വണ്ടിയുമായി രാവിലെ ഒമ്പത് മണിക്ക് തന്നെ സ്ഥലത്തെത്തി പണി തുടങ്ങിയിട്ടുണ്ട്. ഉച്ചയാവുമ്പോഴേക്കും പണി തീര്‍ന്നു വീട്ടിലേക്ക് മടങ്ങാം എന്ന കണക്കു കൂട്ടലില്‍ കമ്മറ്റിയംഗങ്ങളും ചുറ്റു വട്ടത്ത് തമ്പടിച്ചിട്ടുണ്ട്‌.. പക്ഷെ, നേരം കുറച്ചായപ്പോള്‍ ബീരാന്‍ മുസ്ലിയാര്‍ അസ്വസ്ഥനായി. ഈ ചെക്കന്‍ പഠിച്ചിട്ടു തന്നെ വരവ്..!! അവന്‍റെ എന്നുമില്ലാത്ത വിധമുള്ള മെല്ലെ പോക്ക് നയം കമ്മറ്റിയില്‍ ആര്‍ക്കും പിടിച്ചിട്ടില്ല. 

'അല്ല അസീസ്‌ മാഷെ, ഇതാണോ ആ നല്ല ഡ്രൈവര്‍,! ഇവന്‍ ആന തരികിടയാ..! മണിക്കൂറു വെച്ച് തൊള്ളായിരം രൂപ എണ്ണി കൊടുക്കണം...! കിട്ടിയ തക്കത്തിന് മുതലാക്കുകയാണ്.. ചെക്കന്‍! ഇവന്‍ ഇങ്ങനെ പണിയെടുത്താല്‍ ഇത് ഇന്ന് തീരും എന്ന് തോന്നുന്നില്ല.. !. ചുരുക്കി പറഞ്ഞാല്‍ ഇന്നൊരു സംഖ്യ പൊട്ടി അത്ര തന്നെ!' അല്‍പ്പം നിര്‍ത്തി ഇങ്ങനെ സങ്കടപെട്ടു:  'നിങ്ങ നമ്മളെ മൊത്തം ഹലാക്കിലാക്കിയല്ലോ, അസീസ്‌ മാഷെ..!'

അസീസ്‌ മാഷിന് പറയാന്‍ ഒരു മറുപടിയും കിട്ടിയില്ല.. മറ്റുള്ളവര്‍ തന്നെയിങ്ങനെ സൂക്ഷിച്ചു നോക്കുന്നത് കൂടി കണ്ടപ്പോള്‍ ആകെ വിഷമിത്തിലായി... ഇവന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ, ഇന്നെന്തു പറ്റി!! ഇത് ഞാനും ജ്യാഫറും തമ്മിലുള്ള ഒത്തു കളിയാണെന്ന് ആരെങ്കിലും കരുതുമോ എന്ന ഒരു തരം ഭയവും മനസ്സിലുണ്ട്.. 

മൂന്നു മണിയായിട്ടും പണി തീരാത്തത് കണ്ടപ്പോള്‍ ബീരാന്‍ മുസ്ലിയാര്‍ ഉറക്കെ വിളിച്ചു ചോദിച്ചു :' അല്ല മോനെ,. പണി ഇന്ന് തീരൂലെ.. നമ്മ രാത്രി വരെ ഇവിടെ നിക്കേണ്ടി വരുമോ!' 

ആ ചോദ്യത്തിന്‍റെ പൊരുള്‍ മനസ്സിലായിട്ടും ജ്യാഫര്‍ അമിത വേഗം കാട്ടിയില്ല. ഇത് കമ്മറ്റിയിലെ പലരെയും ചൊടിപ്പിച്ചു. അവര്‍ തമ്മില്‍ തമ്മില്‍ കുശു കുശുത്തു. ഇതിനിടയില്‍ ഹമീദ് മാഷ്‌ എന്തോ പിരാകി അവിടം വിട്ടു പോയി. 

അവസാനം വൈകുന്നേരം അഞ്ച് മണിക്ക് പണി തീര്‍ത്ത് ജ്യാഫര്‍ പോകാന്‍ തയ്യാറായി തന്‍റെ വണ്ടി റോഡിലേക്ക് മാറ്റിയിട്ടു. 

പ്രസിഡണ്ട്‌ വിരലില്‍ കണക്കു കൂട്ടി. 'പത്ത് , പതിനൊന്ന് , പന്ത്രണ്ട് , ഒന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്... ന്‍റെ ബദ് രീങ്ങളെ എട്ട് മണിക്കൂറ് !! ഏഴായിരത്തി ഇരുന്നൂറ് രൂപ!! വല്ല വിധേനയും ഇത് കുറക്കാന്‍ കഴിയുമോ എന്നാലോചിച്ച് അവന്‍റെ അടുത്തേക്ക് നീങ്ങി നിന്ന്, പണക്കെട്ട് കയ്യില്‍ ആട്ടി കളിച്ച് അറിയാത്ത മാതിരി അയാള്‍ ചോദിച്ചു :' എത്രആയി മോനെ അന്‍റെ പണിക്കൂലി... ?' 

ജ്യാഫര്‍ പ്രസിഡണ്ടിന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു :' പൈസ ഒന്നും വേണ്ട ബീരാനിക്കാ, പള്ളി ആവിശ്യത്തിനല്ലേ! പള്ളിക്ക് ഇത് എന്‍റെ വക ഒരു നേര്‍ച്ചയായി കൂട്ടിക്കോളീ.. പള്ളീടെ മറ്റു നല്ല കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെല്ലോ.. പകരം ഇങ്ങള് നമ്മക്കു മാണ്ട്യോന്നു ദുആരിക്കണം! ഞാന്‍ ഇന്നോട് ആവും വിധം വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്.... "

ബീരാന്‍ മുസ്ലിയാര്‍ക്ക് തന്‍റെ കയ്യില്‍ നിന്നും കറന്‍സികള്‍ തെന്നുന്നതായി തോന്നി... 'ഈ അല്‍പ്പം പണത്തിന് വേണ്ടി ഇവനെ ഞാന്‍ എന്തൊക്കെ പറഞ്ഞു റബ്ബേ! ഇവന്‍റെ മുമ്പില്‍ ഞാനെത്ര ചെറുതായി പോയി!'

ഒന്നും പറയാന്‍ കിട്ടാതെ പ്രസിഡണ്ട് തന്‍റെ കണ്ണുകള്‍ തുടച്ചു.. കുറ്റ ബോധത്തിന്‍റെ കറ മനസ്സില്‍ എരിയുന്നു. ആളുകള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു പോയിട്ടും അയാളവിടെ നിന്നു, ഇളകി പറക്കുന്ന ഒരു കൂട്ടം കടലാസ്സു കഷ്ണങ്ങളുമായി..

[ദുആരിക്കുക = പ്രാര്‍ഥിക്കുക]
*** *** ***


*മുന്‍ വിധി നല്ലതല്ല.. അത് മനുഷ്യരെ തമ്മില്‍ തമ്മില്‍ അകറ്റുന്നു.. 
*മനുഷ്യരെ പ്രായം കൊണ്ട് അളക്കാതിരിക്കുക, മറിച്ച് സ്വഭാവം കൊണ്ടളക്കുക
*പരദൂഷണം ചീത്ത സ്വഭാവമാണ്, അതില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുക

Sunday 21 April 2013

പഴയ ഏഴാം ക്ലാസ്സ് ജീവിതങ്ങള്‍ കമ്പ്യൂട്ടര്‍ യുഗത്തില്‍ !

(എന്ത്? എങ്ങനെ? എന്ത് കൊണ്ട്? എന്നീ ചോദ്യങ്ങള്‍ ഈ കഥയില്‍ കര്‍ശനമായിവിലക്കിയിരിക്കുന്നു.. എന്ത് കൊണ്ടെന്നാല്‍ കഥയില്‍ ചോദ്യമില്ല എന്നത് പ്രസ്താവ്യമാണല്ലോ!)

ഇനി വായിച്ചു തുടങ്ങുക:

ശശിക്ക്‌ കണക്കറിയില്ലെന്നത് കണക്ക് മാഷിന് മാത്രമല്ല, ക്ലാസ്സിലെ ഒരു വിധം എല്ലാവര്‍ക്കുമറിയാം. രണ്ടും ഒരു കണക്കാ എന്ന് ചിലര്‍ തമാശിക്കും!

പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഇക്കഴിഞ്ഞ അര കൊല്ലപരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ കണക്ക് വിഷയത്തില്‍ ബാക്കിയുള്ള മുപ്പത്തേഴു പേരെയും കടത്തിവെട്ടി ശശിയുണ്ട്  രണ്ടാം സ്ഥാനത്ത്!! ഇത് ക്ലാസ്സിലെ ഓരോരുത്തരേയും ഞെട്ടിച്ചു. ചിലര്‍ക്ക് ഇത് കണ്ട് അസൂയ തലയില്‍ കയറി..വേറെ ചിലര്‍ക്ക് ഒടുങ്ങാത്ത സംശയം! മുന്‍കഴിഞ്ഞ പരീക്ഷയില്‍ പതിനെട്ടാം സ്ഥാനത്തുണ്ടായിരുന്നു ഒരുത്തനിതാ അതി വേഗം ബഹുദൂരം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി രണ്ടാമനായിരിക്കുന്നു അതും കണക്കിന്‍റെ അന്തവും കുന്തവുമറിയാത്തൊരു മന്തന്‍! .ഒന്നാം സ്ഥാനത്തുള്ള സൗമ്യയും തന്‍റെ ഞെട്ടില്‍ മറച്ചു വെച്ചില്ല, കൊല്ല പരീക്ഷയില്‍ ഇവന്‍ തന്നെ മറിച്ചിടുമോ എന്നതാണ് ഭയം!

കുട്ടികള്‍ക്കിടയില്‍ ഇതൊരു ചര്‍ച്ചാ വിഷയമായി ..പലരും രഹസ്യമായും പരസ്യമായും പേര്‍ത്തും പേര്‍ത്തും ചോദിച്ചു: 'എന്താടാ, ഇതിന്‍റെ പിന്നിലെ ഗുട്ടന്‍സ്‌!'

'ഹിതൊക്കെ എന്ത്!' എന്ന മട്ടില്‍ ഒരു ചിരി പാസാക്കി ശശി ഒഴിഞ്ഞു മാറും. മറ്റു ചിലര്‍ക്ക്‌ മനസ്സ് കണ്ടറിഞ്ഞ് ഇങ്ങനെയൊരു തത്വം പകര്‍ന്നേകും "പഠിക്കേണ്ടുന്ന വിധം പഠിച്ചാല്‍ ഏതോരുത്തനും ഉന്നത സ്ഥാനത്തെത്താം, പക്ഷെ കണ്ണ് കടി കൊണ്ട് നമുക്കൊന്നും നേടാനാവത്തില്ല!"

'എല്ലാ തെണ്ടികള്‍ക്കും എനിക്ക് മറ്റെല്ലാ വിഷയങ്ങള്‍ക്കും മാര്‍ക്ക്‌ കുറച്ചു കിട്ടുന്നതിനെ കുറിച്ച് വേവലാതികളൊന്നും തന്നെയില്ല , ഇതിനല്‍പ്പം കൂടിയപ്പോള്‍ എന്തൊരസൂയ! എന്തൊരു കണ്ണ് കടി!' എന്നും മനസ്സില്‍ പ്രാകി അവന്‍ തന്‍റെ വഴിക്ക് പോകും.

കഴിഞ്ഞ പ്രാവിശ്യം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അലക്സ്‌ തത്രപാടില്‍ ഓടി കിതച്ചെത്തി ശശിയുടെ മുമ്പില്‍ നിന്നു. ശ്വാസം വലിച്ചെടുക്കുന്നതിനിടെ അവന്‍ വിറച്ചു കൊണ്ട് ചോദിച്ചു: 'ശശി എവിടെടാ തന്‍റെ മാര്‍ക്ക്‌ ഷീറ്റ്?'

അവന്‍റെ കണ്ണില്‍ ഇത്തരം അന്ധാളിപ്പ് മുമ്പും കണ്ടിട്ടുണ്ട്. ഇത്രയധികം വിഹ്വലത  ഇതാദ്യമായിട്ടാണ്.! ലോകത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്ത വിധം അതവന് നല്‍കി ശശി പുറത്തെ നെല്ലിമരത്തിലേക്ക് നോക്കി സ്വയം മന്ത്രിച്ചു ' നെല്ലിക്കയൊക്കെ മൂത്തിട്ടുണ്ട്, ഉടനെ തന്നെ അവയൊക്കെ പറിച്ച് വീട്ടിലെത്തിക്കണം!'

അലക്സ് അത് തിരിച്ചും മറിച്ചും നോക്കി..മതിവരാതെ വീണ്ടും വീണ്ടും അരിച്ചു പെറുക്കി. പെട്ടെന്ന് എന്തോ ഒരു മഹാത്ഭുതം കണ്ട് പിടിച്ച പോലെ അടുത്തുണ്ടായിരുന്ന ജബ്ബാറിനെ തോണ്ടി പറഞ്ഞു: 'നോക്കെടാ, ഇവന് എല്ലാ വിഷയത്തിലും ശരാശരി മാര്‍ക്കേയുള്ളൂ..നൂറില്‍ എല്ലാം നാല്‍പ്പതിനു താഴെ! കണക്കിലാണെങ്കില്‍ എഴുപതിന് മുകളിലും! ഇതിലെന്തോ കളിയുണ്ട്!!'

ഇത്തരം കണക്കിന്‍റെ കളിയിലൊന്നും വലിയ താല്‍പര്യമില്ലാതിരുന്ന ജബ്ബാര്‍ തന്‍റെ ചിന്ത കെടുത്തിയതിന് അലക്സിന്‍റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി ക്ലാസ്സ്‌ കഴിഞ്ഞയുടനെ വീട്ടിലെത്തി ഫുട്ബോള്‍ കളിക്കുന്ന കാര്യവും ആലോചിച്ച് മാറിനില്‍ക്കുകയായിരുന്നു ജബ്ബാര്‍..

'അതിന് ഞാനെന്ത് വേണം, പത്രക്കാരെ വിളിച്ച് വാര്‍ത്ത  കൊടുക്കണോ! രാവിലെ തന്നെയിറങ്ങും ഓനിത്രകിട്ടി മറ്റോനിത്ര കിട്ടി, എനിക്ക് മാത്രം ഇത്രയേയുള്ളൂ എന്നും പറഞ്ഞ്!മനുഷ്യനെ മെനക്കെടുത്താന്‍! വേറെ പണിയൊന്നുമില്ലെടോ തനിക്ക്!!'

'നീയൊന്നു പോടാ' എന്ന് മനസ്സില്‍ പ്രാകി അലക്സ് മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു ഇത് തന്നെ കാണിച്ചു. 'ആ , ആര്‍ക്കറിയാം' എന്നും പറഞ്ഞ്അവളും മുഖം തിരിച്ച് കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാനോടി. എല്ലാം കണ്ട് രസിച്ച് ശശി ഒരു തൂണില്‍ ചാരിനിന്നു.

അലക്സിന് സ്വയം അപമാനിക്കപെട്ടവനായി തോന്നി. ഒന്നും സംഭവിക്കാത്ത പോലെ മാര്‍ക്ക്‌ ഷീറ്റ് തിരിച്ചു നല്‍കി അണ്ടി പോയ അണ്ണാനെ പോലെ പരിഭവിച്ചു നിന്നു.

ആ കണ്ണുകളിലെ ഇതിന് പിന്നില്‍ എന്ത് എന്നറിയാനുള്ള ജ്ഞാസയും ആര്‍ത്തിയും അസൂയയുടെ പൊട്ടുകളും കണ്ട് ശശി അവന്‍റെതോളില്‍ കയ്യിട്ട് പറഞ്ഞു:' വാ, നമുക്കൊരു ചായ കുടിക്കാം'

ഇത് കേള്‍ക്കേണ്ട താമസം അലക്സ് ചാടി പറഞ്ഞു: 'സംഗതി കൊള്ളാം. പക്ഷെ കാശ് ഞാനെടുക്കൂല!'

അവന്‍റെ കയ്യില്‍ നിന്നും ഒരഞ്ചുപൈസ ഉപകാരം മറ്റുള്ളവര്‍ക്ക് കിട്ടാറില്ലെന്നും ആരും അത് ആഗ്രഹിക്കാറില്ലെന്നും അറിയാത്തവനല്ല ശശി. ഒന്നര്‍ത്ഥം വെച്ച് ചിരിച്ച് അവന്‍ പറഞ്ഞു: 'അതൊന്നും വേണ്ടെടോ, ഇതെന്‍റെ വക, എനിക്ക് കണക്കിന് ഫസ്റ്റ് ക്ലാസ്സ് കിട്ടിയ വക!'

പോകുന്ന വഴിക്ക് അലക്സ് പറഞ്ഞു: 'എന്‍റെ വീട്ടില്‍ കറുത്തലുവയുണ്ട്! ഇന്നലെ അപ്പന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ കൊണ്ട് വന്നതാണ്!'

'അതിന്!' ശശിക്ക്ഒന്നും മനസ്സിലായില്ല..അവന്‍റെ വീട്ടില്‍ നാളികേരമുണ്ട്, കപ്പയുണ്ട്, മധുരപലഹാരങ്ങലുണ്ട് ..പക്ഷെ ഇതൊക്കെ നാലാളോട് പറയേണ്ട വല്ല കാര്യവുമുണ്ടോ!

'അതില്‍ നിന്നും ഒരു കഷണം ഞാന്‍ നിനക്കും കൊണ്ട് വരും ശശീ'

'ഇത് തരക്കടില്ലാ' എന്ന് ശശിക്ക് തോന്നി.. ഈ പിശുക്കന്‍റെ മനസ്സില്‍ എപ്പോഴാണാവോ ഉദാരതയുടെ കുളിര്‍കാറ്റ് വീശിയത്! ' ചിലപ്പോള്‍ ഇനി തൊട്ടു നെക്കാന്‍ മാത്രമായിരിക്കുമോ കൊണ്ട് വരുന്നത്! ദൈവത്തിനറിയാം!'

ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അലക്സ് ശശിയുടെ അടുത്തേക് നീങ്ങി തന്‍റെ വായ അവന്‍റെ ചെവിയിലെക്ക് തിരുകി കുശു കുശുത്തു..'ശശി ഭായ്, താനിത് ആരോടും പറയണ്ട! ഇത് ഞാന്‍ നിനക്ക് മാത്രമായാണ് തരുന്നത് !' ഒന്ന് നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു 'പക്ഷെ, ഒരു നിബന്ധനണ്ട്...'നിനക്ക് കണക്കിന് എങ്ങനെ ഇത്രത്തോളം മാര്‍ക്ക് കിട്ടി എന്നെന്നോട് സ്വകാര്യമായി പറഞ്ഞു തരണം!'

അപ്പൊ ഇതാണ് ഈ രഹസ്യത്തിന്‍റെ ആകെത്തുക! ലാഭം നോക്കിയല്ലാതെ ആരും കച്ചവടത്തിന് ഇറങ്ങില്ലല്ലോ!' ആ തരത്തിലാണ് പഹയന്‍റെയും കളി'

ചിരി ഉള്ളില്‍ തന്നെ അടക്കി നിര്‍ത്തി അവനോടു കൂടുതല്‍ ചേര്‍ന്ന് നിന്ന് ശശി പറഞ്ഞു:

'അതൊന്നും ഒരു വിഷയമല്ലടോ, തനിക്ക് നല്ല മാര്‍ക്ക് കിട്ടുന്നതില്‍ എനിക്കും അഭിമാനമേയുള്ളൂ! ഇപ്പോള്‍ നില്‍ക്കുന്ന നാലാം സ്ഥാനത്ത് നിന്ന് ഈ വിഷയത്തില്‍ നിന്നെ ഞാന്‍ ഒന്നാമാനാക്കും! ഏഴാം ക്ലാസ്സും കഴിഞ്ഞു ഈ സ്കൂളില്‍  നിന്നും നാം തമ്മില്‍ കൈകൊടുത്ത് പിരിയുന്നത് എന്നേക്കുമാകരുതല്ലോ!'

അലക്സ്‌ അവനെ കെട്ടി പിടിച്ചു..'നീയാണെടാ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്! നിനക്കെ എന്നോട് സ്നേഹമുള്ളൂ' എന്ന് വികാരാധീനനായിപറഞ്ഞു..പക്ഷെ മനസ്സില്‍ പറഞ്ഞത്‌ ഇങ്ങനെ' വേഗം പറഞ്ഞു താടാ തെണ്ടീ...എന്നിട്ട് വേണം വേറെ പണി നോക്കാന്‍!'

ചായക്ക് ഓര്‍ഡര്‍ കൊടുത്ത് പീടികയുടെ ഒരൊഴിഞ്ഞ കോണില്‍ പരസ്പ്പരം അഭിമുഖമായിരുന്നു . അവിടെ വെച്ച് ശശി തന്‍റെ ആ കൊച്ചു രഹസ്യം അലക്സിന് കൈമാറി.

'അലക്‌സെ , മറ്റാരും അറിയണ്ടാ..സ്വകാര്യമാ! 'കേള്‍ക്കാനുള്ള ആവേശത്തില്‍ അലക്സ് ഒന്ന് കൂടി ചേര്‍ന്നിരുന്നപ്പോള്‍ ശശിക്ക് ഇവന്‍ തന്‍റെ ചായ കോപ്പ മറിച്ചിടുമോ എന്ന് പേടി തോന്നി.

'പിന്നെ, നമ്മുടെ കണക്ക് മാഷ്‌ അല്‍പ്പം ലൂസാ! അയാള്‍ക്കൊരു ഫൈസ്ബുക്ക്‌ അക്കൗണ്ടുണ്ട്..അത് ഞാന്‍ ഉണ്ടാക്കി കൊടുത്തതാ..! ക്ലാസ്സ് കഴിഞ്ഞാല്‍ മൂപ്പര്‍ക്ക് ഇതിനു മുമ്പില്‍ ഇരിക്കലല്ലാതെ വേറെ പണിയൊന്നുമില്ല..ഹൊ, ഒന്നും പറയണ്ട, എന്തൊക്കെ ചളികളാണ് മൂപ്പര് എഴുതി വിടുന്നത്!  എത്ര എഴുതിയിട്ടെന്താ, പാവത്തിന് സ്വന്തം ഭാര്യയുടെ ലൈ ്ക് പോലും കിട്ടാറില്ലത്രേ! പക്ഷെ, ഞാന്‍ എല്ലാം ലൈക്കും! എപ്പോയും അഭിനന്ദനമറീക്കും.. ഇതൊക്കെ തന്നെയാണടാ എനിക്ക് മാര്‍ക്ക് കൂടാനുള്ള കാരണം, നാല് നാല്ല വാക്ക്‌ മുഖത്ത് നോക്കി പറഞ്ഞാല്‍ നിന്നെ പോലെയുള്ള പൊട്ടന്മാര്‍ക്കും ഇങ്ങനെയൊക്കെ കിട്ടും"

ആ 'പൊട്ടന്‍' വിളി അലക്സിന് അത്ര ഇഷ്ട്ടമായില്ല. ദേഷ്യം വന്ന അവന്‍ ഈ രഹസ്യം എല്ലാവരോടും വിളിച്ചു പറയുമെന്നുറപ്പിച്ചു. പിന്നെയോര്‍ത്തപ്പോള്‍ അത് വേണ്ടെന്നു തോന്നി . എല്ലാ മോങ്ങന്മാരും ഈ വഴി തന്നെ നോക്കിയാല്‍ കുടുങ്ങിയില്ലേ!

അലക്സിന്‍റെ കണ്ണ് തെളിഞ്ഞു..മുമ്പെന്നോ ഒരു ഫൈസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിച്ച് പരിചയമില്ല.. ഇപ്പോള്‍ ഏതു വിധേനയും ഉപയോഗിച്ചേ പറ്റൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.. ശശിയുടെ മുഖത്ത് തന്നെ കണ്ണ് നട്ടു അവന്‍ ഒന്ന് കൂടി ഊന്നി ചോദിച്ചു: 'സത്യമാണോടാ ശശി ഇതൊക്കെ!'

'എന്നെ നിനക്ക് വിശ്വാസമില്ല അല്ലേ! ഇതാണ് നിന്നോട് കാര്യങ്ങളൊക്കെ തുറന്നു പറയാന്‍ മടി! '

'അത് കൊണ്ടാല്ലെടാ, ഫേസ്ബുക്കിനെ കുറിച്ചൊന്നും എനിക്ക് വല്ലാതെ അറിയില്ല.. നീ ഒഴിവു കിട്ടുമ്പോള്‍ കുറച്ചു പഠിപ്പിച്ചു തരണം ട്ടോ, നിന്നെ എന്‍റെ കൂട്ടുകാരനായി തന്ന ഈശ്വവിനു എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!'

ചായകുടിച്ചു തീര്‍ത്ത് സംഭാഷണം സന്തോഷകരമായി അവസാനിപ്പിച്ച് അവര്‍ പിരിഞ്ഞു.

***********************************************************

കണക്ക് മാഷ് ചന്ദ്രന്‍പിള്ള അന്ന് തന്‍റെ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ അപ്രതീക്ഷിതമായി ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടു. നോക്കുമ്പോള്‍ തന്‍റെ വിദ്യാര്‍ഥി അലക്സാണ്. ഒരു നിര്‍വൃതി മുഖത്ത് വിരിഞ്ഞു. ഫ്രണ്ട് റിക്വസ്റ്റ് പലര്‍ക്കുമായി എമ്പാടും അയച്ചപ്പോള്‍ ഫേസ്ബുക്ക്‌ തമ്പുരാന്‍ പതിനാലു ദിവസത്തെ താല്‍ക്കാലിക ബ്ലോക്ക് കൊടുത്തിരിക്കുകയാണ്. അയച്ചവരോന്നും സീകരിച്ചിട്ടുമില്ല,, ഒരാളും ഇങ്ങോട്ട് റിക്വസ്റ്റ് അയക്കുന്നുമില്ല എന്ന വിഷമ സന്ധിയില്‍ നില്‍ക്കുമ്പോയാണ് ഇങ്ങനെ ഒരാള്‍ തന്നെ തേടി വന്നിരിക്കുന്നത് , അതും സ്വന്തം ശിഷ്യന്‍! മാഷ്‌ സന്തോഷം മറച്ചു വെച്ചില്ല.

നോട്ടിഫിക്കേഷിനിലെ ചുവന്ന പൊട്ടുകള്‍ അല്‍പ്പം അധികരിച്ചതു കൂടി കണ്ടപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തന്‍റെ എല്ലാ പോസ്റ്റിനും അവന്‍ ലൈക്കടിച്ചിട്ടുണ്ട് കുറെ കമ്മന്‍റ്സുമുണ്ട്. എല്ലാം അങ്ങനെ ഇരുന്ന ഇരുപ്പില്‍ നോക്കി കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് ഒരു കമ്മന്ടിന്മേല്‍ കണ്ണുകളുടുക്കി . മനുഷ്യനെ പോലെ തോന്നിക്കുന്ന ഒരു ജീവിയുടെ വൃക്തമായ ഫോട്ടോ. പരിചയത്തിലുള്ള ഒരാള്‍ ടാഗ് ചെയ്ത് തന്‍റെ വാളില്‍ വരുത്തിയതാണ്. ആകെ കിട്ടുന്ന സമ്പാദ്യങ്ങളെല്ലേ എന്നും കരുതി ഇഷ്ട്ടമില്ലെങ്കിലും ഒന്നും ഡിലീറ്റ് ചെയ്യാറില്ല. അതിനു താഴെ അലക്സ് എഴുതി വെച്ചിരിക്കുന്നു : 'മാഷേ, ഈ ഫോട്ടോ എനിക്ക് വളരെ ഇഷ്ട്ടമായി.. താങ്കളുടെ ചെറുപ്പകാലത്തിന്‍റെ എല്ലാ തുടിപ്പും ഇതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു!'

അവനത് സത്യസന്ധമായിട്ടെഴുതിയതാണെങ്കിലും മാഷിന് അത് അത്ര ബോധിച്ചില്ല. ഉണ്ടായിരുന്ന എല്ലാ സന്തോഷവും കെട്ടടങ്ങി മൂക്കിന്‍ തുമ്പത്ത് ശുണ്ടി അരിച്ചു കയറി. 'അവന്‍ തന്നെ മനപ്പൂര്‍വ്വം കൊച്ചാക്കിയിരിക്കുന്നു... ഒന്നുമില്ലെങ്കിലും അവന്‍റെ മാഷല്ലേ ഞാന്‍! ആ നാറിക്ക് ഇതിനെല്ലാം ഞാന്‍ നന്നായി വെച്ചിട്ടുണ്ട്' എന്നും പറഞ്ഞ്‌ അതു ഡിലീറ്റ് ചെയ്ത് കളഞ്ഞു. 'ഇത് എത്ര മനുഷ്യര്‍ കണ്ടിട്ടുണ്ടാകുമേന്നതായിരുന്നു അപ്പോള്‍ ചിന്ത!'

പിറ്റേന്ന് കണക്ക് ക്ലാസ്സില്‍ മുമ്പിലെ ബെഞ്ചില്‍ ഇളിച്ചുകാട്ടി ഉല്‍സാഹത്തോടെ ഇരുന്നിരുന്ന അലക്സിനെ ചന്ദ്രന്‍ മാഷ്‌ വളരെ കാര്‍ക്കശ്യത്തോടെയാണ് നോക്കിയത്. അന്ന് എന്നുമില്ലാത്ത വിധം കണക്കിലെ കടിച്ചാല്‍ പൊട്ടാത്ത പല ചോദ്യങ്ങളുമായി വെള്ളം കുടിപ്പിച്ചെന്നു മാത്രമല്ല, നല്ല ചൂരല്‍ കഷായവും കൊടുത്തു.

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അലക്സ് ദേഷ്യത്തോടെ ശശിയുടെ അടുത്തേക്ക് ഓടി ചെന്നു തോളത്തടിച്ചു കയര്‍ത്തു. 'നീ എന്നെ ചതിച്ചു അല്ലെടാ.. നന്നായിരിക്കുന്നു! ഞാന്‍ തന്ന ഹലുവ നീ വാരിവിഴുങ്ങിയപ്പോള്‍ ഇത്രയുമോര്‍ത്തില്ല!! നീയൊക്കെ ഒരു കൂട്ട് കാരനാണെടോ!'

അതിനു ശശി പെട്ടന്ന് മറുപടിയൊന്നും പറഞ്ഞില്ല.അവന്‍ ശാന്തനായപ്പോള്‍ ഇങ്ങനെ പറഞ്ഞു: 'തെറ്റ് എന്‍റെ ഭാഗത്തല്ല.. അത് നിന്‍റെ ഭാഗത്ത്‌ തന്നെയാണ്. ഇന്നലെ ഞാന്‍ നോക്കിയപ്പോള്‍ ഒരു മനുഷ്യകുരങ്ങന്‍റെ ഫോട്ടോഷോപ്പ്‌ ചെയ്ത ഫോട്ടത്തിന്‍ കീഴെ താന്‍ എന്താണ് എഴുതി വെച്ചത്! 'മാഷിന്‍റെ ചെറുപ്പകാലത്തെ ഫോട്ടോ നന്നായിരിക്കുന്നു എന്ന്!!. അത് തന്നെയാണ് പ്രശ്നം. ലൈക്കടിക്കുമ്പോഴും കമ്മന്ടുമ്പോഴും ശ്രദ്ധിക്കേണ്ടത് നിന്‍റെ കടമയാണ്.. അല്ലാതെ എന്‍റെതല്ല! പ്രതേകിച്ചും അയാള്‍ക്കെതിരെയാകുമ്പോള്‍..'

ഇതും പറഞ്ഞ്‌ ശശി തന്‍റെ പാട്ടിനു പോയി. തനിക്കെന്തോ പിശക് പറ്റിയിട്ടുണ്ടെന്ന് അലക്സിനും തോന്നി. അതെന്താണെന്നാലോചിച്ച് അവനും തന്‍റെ വഴിക്ക് പിരിഞ്ഞു .

****************************************************************

അക്കൊല്ലത്തെ കൊല്ലപരീക്ഷക്ക്‌ മുന്നൊരുക്കം തുടങ്ങി. വായനക്കും ചൂട് പിടിച്ചു. പലരും രാപ്പകല്‍ ഇരുന്ന് പുസ്തകത്തിന്മേല്‍ മല്ലികെട്ടി. അലക്സിനെ പുറത്തേക്ക്  തീര്‍ത്തും കാണാതായപ്പോള്‍ ശശി കളിയാക്കി അവനൊരു മെയില്‍ വിട്ടു  'വലിയ ബുജി, പഠിപ്പിസ്റ്റ്!' 

എല്ലാ വിധ ആവലാതികള്‍ക്കും വേവലാതികള്‍ക്കും അറുതി വരുത്തി കൊണ്ട് ഏഴാം തരം പരീക്ഷയും അവസാനിച്ചു. ആ സ്കൂളിലെ നാല അതിരുകള്‍ക്കുള്ളില്‍ ഏതൊക്കെ  കുട്ടികള്‍ സ്വതന്ത്രരാകും!

ചിലര്‍ റിസറ്റിനായി ആറ്റുനോറ്റു കാത്തിരുന്നു. പഠിക്കാന്‍ താല്പര്യമില്ലാതിരുന്ന ചിലര്‍ ഈ വക കാര്യങ്ങളൊക്കെ മനസ്സില്‍ നിന്നും മാറ്റി വെച്ച് മറ്റു ഏര്‍പ്പാടുകലിലേക്ക് തിരിഞ്ഞു.

റിസള്‍ട്ട്‌ വന്നു. പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ വല്ലാത്ത ആധിയും ഉത്കണ്ടയുമുണ്ട്‌. തങ്ങളുടെ കുട്ടികളുടെ കാര്യമെന്തായി, തങ്ങളുടെ നാട്ടിലെ സ്കൂളിന്‍റെ നിലവാരം എന്താണ് എന്നൊക്കെ അവര്‍ക്കും അറിയണം.

ശശിയുടെ സ്കൂളില്‍ ഒട്ടു മിക്ക പേരുംജയിച്ചിട്ടുണ്ട്, ശശിയും! കടന്നു കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അലക്സ് അത്യാവിശ്യം നല്ല മാര്‍ക്കോട് കൂടി തന്നെയാണ് പാസ്സായിട്ടുള്ളത്. പക്ഷെ കണക്കിന് വളരെ കുറഞ്ഞു. ശശിക്ക് നേരെ തിരിച്ചും.

ചന്ദ്രന്‍ മാഷ്‌ റിസള്‍ട്ട്‌ വന്നത് മുതല്‍ ഒരു തരം വെപ്രാളത്തിലാണ്. റിസള്‍ട്ട്‌ ഫൈസ്ബുക്കില്‍  അപ്‌ലോഡ്‌ ചെയ്യണം. ശശി ജയിച്ചത്‌ തന്‍റെ ഒറ്റക്കാരണത്താലാണ് എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരാളെ രക്ഷിച്ച സന്തോഷം! അടുക്കളയില്‍ നിന്നും ഭര്‍ത്താവിന്‍റെ എന്നുമില്ലാത്ത വിധമുള്ള ഈ സന്തോഷം കണ്ട് ഭാര്യ അടുത്തേക്ക് വന്നു കസേരയില്‍ ചാരിനിന്നു. 'എടീ, ആ കണക്കറിയാത്ത ശശി എന്നെ കൊണ്ട് മാത്രമാണെടീ ജയിച്ചു കയറിയത്. എല്ലാ വിഷയത്തിലും മാര്‍ക്കില്ലാതെ വലഞ്ഞ അവനു കണക്കിലെ ആ മുപ്പത്തഞ്ചു മാര്‍ക്ക്‌ കൊണ്ട് മാത്രമാണെടീ അഡ്ജസ്റ്റ് ചെയ്തത്. ഭാര്യക്കും ഇക്കാര്യത്തില്‍ സന്തോഷം തോന്നി. പല കുട്ടികളെയും കാരണമില്ലാതെ തോല്പ്പിച്ചിട്ടുണ്ടെങ്കിലും ഒരാളെങ്കിലും രക്ഷപെട്ടല്ലോ.

മാഷ്‌ ഫൈസ്ബുക്കിന്‍റെ ഉള്ളറയിലേക്ക് പ്രവേശിച്ചു . ശശി ഈ വിജയത്തെ കുറിച്ചും തന്നെ കുറിച്ചുമോക്കെ എന്താണ് എഴുതിയിട്ടുണ്ടാവുക എന്നറിയാന്‍ ആകാംഷയുണ്ടായി. ഫൈസ്ബുക്ക് തുറന്ന് നോട്ടിഫിക്കേഷനില്‍നിറഞ്ഞു കിടക്കുന്ന ചുവന്ന പോട്ടുകളില്‍ നോക്കി..

'ഇല്ല ..ശശി തന്നെ കുറിച്ച് ഒന്നും എഴുതിയിട്ടില്ല!'അത് അയാള്‍ക്ക്‌ വല്ലാത്ത നീറ്റലുണ്ടാക്കി. എന്തെ അവന്‍ എന്നെ കുറിച്ചൊന്നും എഴുതാഞ്ഞെ! എന്നും അതിനു മുമ്പില്‍ അടയിരിക്കുന്നവനാണല്ലോ, എന്നിട്ടും!

അവന്‍റെ പേര് സേര്‍ച്ച്‌ ബോക്സില്‍ അടിച്ചു നോക്കിയ മാഷ്‌ ശരിക്കും നെട്ടിപ്പോയി. അവന്‍റെ പേര് അതില്‍ കാണാനില്ല! മുമ്പൊക്കെ 'ശ' എന്നഴുതിയാല്‍ വരുമായിരുന്നു. ആകെ നിരാശനായി ഇരിക്കുമ്പോഴാണ് ഭാര്യ പിറകില്‍ എല്ലാം നോക്കി നില്‍ക്കുന്നുണ്ടെന്നറിഞ്ഞത്.

'എന്താടി ഇവിടെയിങ്ങനെ നോക്കി നില്‍ക്കുന്നത്..അടുക്കളയില്‍ ഒരു പണിയുമില്ലേ പോയി ഒരു ചായ ഇട്ടേച്ചു വാ..!' എന്നിങ്ങനെ  ഭാര്യയുടെ മുഖത്തു നോക്കി ആക്രോശിച്ചു. അന്നത്തെ എല്ലാമൂടും പോയി ഫൈസ്ബുക്ക്‌ ക്ലോസ് ചെയ്യാനിരിക്കെ ഒരു മെസ്സേജ് വന്നു. അലക്സാണ്!

തുറന്നു നോക്കിയപ്പോള്‍ അതില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

'മാഷേ അഭിനന്ദനങ്ങള്‍.. ഞാന്‍ പരീക്ഷ ഒരു വിധം കടന്നു കയറിയിരിക്കുന്നു. എല്ലാം നിങ്ങളുടെ ഒരു സഹായം കൊണ്ട് മാത്രം. അതിനു മനസ്സ് നിറഞ്ഞ നന്ദിയുണ്ട്. ഇനി മറ്റൊരു സ്കൂളിലേക്ക് ചേക്കേറുകയാണ്. അതിനാല്‍, ഇനിയും നിങ്ങളെഴുതുന്ന ചവറുകള്‍ വായിക്കാനും അതിനൊക്കെ ലൈക്കാനും ദയവായി എന്നെ പ്രതീക്ഷിക്കരുത്, താങ്കളെ ഞാന്‍ താല്‍ക്കാലികമായി ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഇനി എനിക്ക് നേരിട്ട് താങ്കള്‍ക്ക് മെസ്സേജ് അയക്കാന്‍ കയിയില്ല എന്നതിനാല്‍ ഇത് നമ്മടെ അവസാന സംഭാഷണമായി കണക്കിലെടുത്ത് എന്നോട് ക്ഷമിക്കുക - എന്ന് സ്വന്തം ശശി

(ഇത് എന്‍റെയല്ല മാഷേ ശശിയുടെ വരികളാണ്' എന്ന് അലക്സും ഒരു വരി അടിയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. എല്ലാം കണ്ടു കലികയറി കമ്പ്യൂട്ടര്‍ പെട്ടെന്ന് ഓഫാക്കി 'പന്നന്മാര്‍ നമുക്കിട്ടു തന്നെ പണി തന്നു' എന്നും പറഞ്ഞ് വിഷിണ്ണനായി മാഷ്‌ പുറത്തേക്കു വലിഞ്ഞ് നടന്നു.

നോക്കണേ ശശിയുടെ കാര്യം!!

Wednesday 17 April 2013

ഒരു നായകന്‍റെ ആവിര്‍ഭാവം!!

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും  രണ്ടര കിലോമീറ്ററോളം കാല്‍നടയായി ഒരുപാട് പറമ്പുകളും പാടങ്ങളും തോടുകളുമൊക്കെ താണ്ടി കഠിനാദ്ധ്വാനം ചെയ്തു വേണം സ്കൂളിലെത്താന്‍..(ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നതൊക്കെ ഒരു സംഭവം തന്നെ!)

എന്നത്തേയും പോലെ അന്നും നേരം വൈകി വീട്ടില്‍ നിന്നും ഇറങ്ങി. കൂടെ അനിയനും അയല്‍പക്കത്തുള്ള അഞ്ചെട്ടു പിള്ളേരുമുണ്ട്. കൂട്ടത്തില്‍ മൂത്തത് ഞാനായതിനാല്‍ ഞാന്‍ പറയുന്നിടത്തായിരുന്നു കാര്യങ്ങള്‍! നടന്നു നടന്നു പാടവരമ്പിന്‍റെ നടുവിലെത്തിയപ്പോള്‍ എന്‍റെ വയറൊന്ന് കാളി! അക്കരയില്‍ ഞങ്ങളെയും കാത്ത് നില്‍പ്പാണ് ഇദരീസ്!! സ്കൂളിലെ ഞങ്ങളുടെ ആജന്മ ശത്രുവാണ്! ഞാന്‍ അനിയനോട് സ്വകാര്യമായി പറഞ്ഞു: 'ഇനി നീ മുമ്പീ നടന്നോ, ഞാനീ ചെരിപ്പിന്‍റെ വള്ളി നന്നാക്കട്ടെ!'

അത് കേക്കേണ്ട താമസം അവന്‍ വളരെ ആവശഭരിതനായി. എന്‍റെ കാല ശേഷം ബാക്കിയുള്ളവര്‍ക്ക്‌ വഴികാട്ടേണ്ടവനല്ലേ, ചിലതൊക്കെ അവനും പഠിക്കണമല്ലോ!

ചുരുക്കി പറഞ്ഞാല്‍, ആ സാധു ഇദരീസിനെ കണ്ടിട്ടില്ല! അങ്ങനെ അവനെ ഏറ്റവും മുമ്പിലേക്ക് തള്ളിവിട്ട് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും പിറകെ പോയി ഞാന്‍ തടിതപ്പി.

അക്കരയെത്തിയപ്പോള്‍ ഇദരീസ് 'നിന്നെ പിടിച്ചെടാ!' എന്നും പറഞ്ഞ് അനിയന്‍റെ മേലെക്കൊരു ചാട്ടം! പെട്ടെന്നുള്ള ഈ അലര്‍ച്ചയും ചാട്ടവും കണ്ട്  നെട്ടിപ്പോയ അവന്‍റെ കയ്യില്‍ നിന്നും പുസ്തകങ്ങളൊക്കെ ദൂരേക്ക്‌ തെറിച്ചു വീണു. ഞാന്‍ എല്ലാം മാറി നിന്നു വീക്ഷിച്ചു .. (അല്ലെങ്കിലും നായകന്മാര്‍ അവസാനമാണല്ലോ രംഗ പ്രവേശം ചെയ്യുക!)

ഒരു പാട് നേരം അനിയന്‍റെ മേലെ അവന്‍ പരാക്രമം കാണിച്ചു. കുറെനേരമിങ്ങനെ കെട്ടി മറിഞ്ഞ് അടിക്കുന്നത് കണ്ടപ്പോള്‍ എന്നിലെ പൌരുഷം മെല്ലെ  തലപൊക്കി! കൂട്ടത്തില്‍ മൂത്തത് എന്ന് മാത്രമല്ല, സ്വന്തം അനിയനേയല്ലേ പഹയിനിട്ടടിക്കുന്നത്. .ഭാവിയില്‍ ബഹുമാനത്തിന് കുറവ് വന്നാലോ!



ഗര്‍ജ്ജിക്കുന്ന ഒരു സിംഹമായി ഇദരീസിന്‍റെ അടുത്തേക്ക് ഓടി ചെന്ന് ഒരു ആജ്ഞയായിരുന്നു പിന്നെ: 'വിടെടാ എന്‍റെ അനിയനെ!'

പക്ഷെ, ഞാന്‍ പറഞ്ഞതല്ല അവന്‍ ചെയ്തത്‌..മറിച്ച് എന്‍റെ നടുപ്പുറം നോക്കി ഒറ്റ ചവിട്ട്. 'വീണതാ കിടക്കുന്നു ധരണി'യില്‍ എന്ന പോലെ വരള്‍ച്ചകൊണ്ട് കട്ട പിടിച്ചു കിടക്കുന്ന പാടത്തിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിലംപതിച്ചു. അപമാനത്തിന്‍റെ അങ്ങേയറ്റം എന്നല്ലാതെ എന്ത് പറയാന്‍!. കൂടെയുള്ളവര്‍ വാ പൊളിച്ച് എല്ലാം ആസ്വദിക്കുന്ന പോലെ തോന്നിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു മണ്‍കട്ടയെടുത്ത് അടുത്ത ഭീഷണി തൊടുത്തു:' എഴുന്നേറ്റ് ഓടെടാ, ഇല്ലെങ്കില്‍ ഇത് നിന്‍റെ തലമണ്ടക്ക് ഞാനെറിയും'

സംഗതിയേറ്റു. മറ്റൊരു മണ്‍കട്ടക്ക് അവനും കുമ്പിട്ടെങ്കിലും ഞാന്‍ കയ്യ് പൊക്കി എറിയുന്ന മാതിരി കാണിച്ചതിനാല്‍, എതിരാളി രണ്ടു സ്റ്റെപ്പ് പിറകോട്ടു വെച്ചു.അടുത്ത് ചെല്ലും തോറും അവന്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. അന്ന് മനസ്സില്‍ എന്നുമില്ലാത്തൊരു സുഖം തോന്നി! ആജന്മ ശത്രുവിതാ ഭീരുവായി പറപറക്കുന്നു!! അവന്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ചു രസം പിടിച്ച് ഞാനും പിറകെ പാഞ്ഞു. കൂടെയുള്ളവര്‍ കൈ അടിച്ചു പ്രോല്‍സാഹിപ്പിച്ചു.

പക്ഷെ കുറെ ഓടിയപ്പോള്‍ ഒരു ഭയം! ' ഈ പഹയനെങ്ങാനും തിരിച്ചു വന്നടിച്ചാലോ!' ഒപ്പമുള്ളവര്‍ ഇപ്പോള്‍ കാഴ്ച്ചയുടെ പരുധിയിലുമല്ല! അടികൊണ്ടാല്‍ അത് കാണാന്‍ പോലും ആളുണ്ടാവില്ല എന്ന തിരിച്ചറിവിനാല്‍ ഇടവഴിയില്‍ ഒരിടത്ത് മറ്റുള്ളവര്‍ക്കായി കാത്തുനിന്നു.

അവര്‍ അടുത്തെത്തിയപ്പോള്‍ 'ഇനി അവനൊരു ചുക്കും ചെയ്യൂല, അമ്മാതിരി പറപ്പിക്കലല്ലേ ഞാനവനെ പറപ്പിച്ചത്!!' എന്നും വീരവാദം മുഴക്കി രാജാവിനെ പോലെ മുമ്പില്‍ എഴുന്നള്ളി. അവരുടെ മനസ്സില്‍ ഒരു വീര പുരുഷന്‍ ജനിച്ചു!!

*********************************************************************************

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല, സ്വന്തം അനിയന്‍ പോലും! ധീരസാഹസികനായ എനിക്ക് അല്ലെങ്കിലും ഒറ്റക്ക് നടക്കല്‍ തന്നെയായിരുന്നു പ്രിയം. പക്ഷെ അന്ന് കഥ മാറി! സ്കൂള്‍ ഗേറ്റിന്‍റെ മുമ്പില്‍ എന്നെയും കാത്ത് ഒരു കൂട്ടം ഗുണ്ടകളോടൊപ്പം മുഖം വീര്‍പ്പിച്ച് ഇദരീസ് നില്‍ക്കുന്ന അപ്രതീക്ഷിതമായ കാഴ്ച്ചയാണ് കണ്ടത്! ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടിയ ഒട്ടിപിടിക്കുന്ന ചെറുപയര്‍ ചോറ് വയറില്‍ തള്ളിനിന്നതിനാല്‍ ബോധം കേട്ടില്ല! കുറച്ചു ധൈര്യം എങ്ങനെയൊക്കയോ മുഖത്ത് വരുത്തി ഭവ്യതയോടെ ഞാന്‍ ചോദിച്ചു: 'എന്താ ഇദരീസെ, എത്താ അനക്ക് വേണ്ട്യെ?'

മറുപടിയൊന്നും തരാതെ അവനും കൂട്ടാളികളും എന്നെ വളഞ്ഞിട്ടു തല്ലി.ഒന്നും ചെയ്യാന്‍ കഴിയാനാകാതെ ഞാന്‍ നിസ്സഹായനായി. തന്‍റെ തണ്ടും അധികാരവും കാണിക്കുന്നതിനായി ഇദരീസ് അവന്‍റെ വലത്തെ കാല്‍ എന്‍റെ തോളത്തേക്ക് വലിച്ചിടുക കൂടി ചെയ്തതോടെ ആദ്യമായി അവന്‍റെ മുമ്പില്‍ പൊട്ടി കരഞ്ഞു പോയി. ഉമ്മാനെയും ബാപ്പാനെയും ബാക്കി വായില്‍ വന്ന പേരുകളൊക്കെ വിളിച്ച് അലറി. നെഞ്ചിലൂടെ ഒഴുകുന്നത്‌ വിയര്‍പ്പല്ല കണ്ണീര് തന്നെയെന്നുറപ്പിച്ചു.

പെട്ടെന്ന് മുമ്പില്‍ നിന്നും 'ടപ്പേ' എന്നൊരു ശബ്ദം കേട്ടു. ആരോ തന്നെ രക്ഷിക്കാന്‍ വരുന്ന വരവാണ് എന്ന് മനസ്സ് ആശ്വസിപ്പിച്ചു. ആരെന്നു നോക്കാന്‍ കഴിഞ്ഞില്ല. കാലു കൊണ്ട് തല അമര്‍ത്തി പിടിച്ചതിനാല്‍ തല ഉയര്‍ത്താന്‍ പോയിട്ട് തിരിക്കാന്‍ പോലും കഴിഞ്ഞില്ല.

'എന്താ മോനെ?' എന്നൊരു ചോദ്യം കേട്ടു. ഒരു സ്ത്രീയാണ്. ശബ്ദവും നല്ല പരിചയം! രക്ഷിക്കാന്‍ ആളു വന്ന സ്ഥിതിക്ക് തോളില്‍ വെച്ച അവന്‍റെ എരണം കെട്ട കാല് തട്ടി മാറ്റി മുഖമുയര്‍ത്തിനോക്കി. നട്ട പാതിരക്ക് വിളക്കും കത്തിച്ച് വാതില്‍ തള്ളിതുറന്ന് മുമ്പിലതാ നില്‍ക്കുന്നു ഉമ്മ! തിരിഞ്ഞു നോക്കിയപ്പോള്‍ തോളില്‍ കിടന്നിരുന്നത് അനിയന്‍റെ കാലാണ്! ഒന്നുമറിയാത്ത പാവത്തിനെ പോലെ ചുരുണ്ട് കൂടി കിടക്കുന്നു. അതുവരെ അടക്കി വെച്ചിരുന്ന സങ്കടങ്ങളൊക്കെ അവന്‍റെ കാലില്‍ മതി വരുവോളം നുള്ളി തീര്‍ത്തു. വേദനകൊണ്ട് കാലു വലിഞ്ഞുപോകുന്നുണ്ടെങ്കിലും മൂപ്പരപ്പോഴും ഇതൊന്നുമറിഞ്ഞിട്ടില്ല..!

'രാവിലെ അതി സാഹസികമായി ജീവന്‍ പണയപെടുത്തി തന്നെ രക്ഷിച്ചിട്ടും എന്നോട് തന്നെ നീ ഇത് ചെയ്തല്ലോ, ബലാലെ!'എന്നും നെടുവീര്‍പ്പിട്ടു ഞാനെഴുന്നേറ്റു.

എന്താ പറ്റ്യേ മോനെ' ഇതും  പറഞ്ഞ് ഉമ്മ എന്നെ കോരിയെടുത്തു.മുഖവും തലയണയുമൊക്കെ ആകെ കണ്ണീര് കൊണ്ട് കുതിര്‍ന്നിട്ടുണ്ട്. 'ഉറക്കത്തില്‍ പേടിച്ചോ മോന്‍?' എന്ന് കേട്ടപ്പോള്‍ പേടിയെന്തന്നറിയാത്ത അഭിമാനിയായ ഞാന്‍ പറഞ്ഞു..

'ഉമ്മാ,  ന്‍റെ വയറ് കത്ത്ണ്...തീരെ ഉറങ്ങാന്‍ പറ്റിണില്ല'

'മോന്‍ വാ,  ഉമ്മ ചൂട് വെള്ളം ഉണ്ടാക്കി തരാം'

നെഞ്ചോട്‌ അണച്ചുപൂട്ടി അടുക്കളയിലേക്ക് പോകവേ ഞാന്‍ പറഞ്ഞു: 'ഇന്‍ക്ക് ചൂടെള്ളം വേണ്ടമ്മാ, ബാപ്പ കുടിക്കാറുള്ള ചുക്കാപ്പി മതി'

അങ്ങനെ എന്നും എനിക്കന്യമായി കിടന്നിരുന്ന ചുക്കാപ്പിയും കുറെ മധുര പലഹാരങ്ങളും  ഉമ്മാനെ സോപ്പിട്ട് ഒപ്പിച്ചെടുത്തു. സന്തോഷത്തോടെ   ഒരു കോട്ടുവായുമിട്ട്  നേരം വെളുപ്പിക്കാനായി വീണ്ടും കിടക്കപായയിലേക്ക് ചെരിഞ്ഞു.

Saturday 6 April 2013

പല തരം ആകുലതകള്‍!


എല്ലാ ദിവസവും സന്ധ്യക്ക് നേരവും മുറയും തെറ്റാതെ ഇബലീസ് അയമുവിനെ തേടിയെത്തും..സൗഹൃദത്തിന്‍റെ മഹാ ഹിമസാഗരങ്ങള്‍ തീര്‍ത്ത് അയാളെ തന്‍റെ വരുതിയിലാക്കാന്‍ ഇബലീസ് മുമ്പേ തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്..ഇപ്പോള്‍ ഏതാണ്ട്‌ തന്‍റെ പിടിയിലമര്‍ന്നിരിക്കുന്നു എന്ന ആത്മവിശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ട് അന്നും കൃത്യ സമയത്ത് അങ്ങോട്ട്‌ കയറി ചെന്നു. കണ്ടനിമിഷത്തില്‍ തന്നെ ആലിംഗനബദ്ധരായി കുശലാന്വേഷണങ്ങളിലേക്ക് തിരിഞ്ഞു. പുതിയ തുരുപ്പു ചീട്ടുകള്‍ ഇറക്കി അയാളുടെ ശ്രദ്ധയെ ഒന്നുകൂടി ശക്തമായി ആവാഹിച്ചാണ് അന്ന് ആ വീടിന്‍റെ പടിയിറങ്ങിയത്..

ദൈവം തന്‍റെ ഒരു മാലാഖയെ വിളിച്ചു ഉടനെ തന്നെ അയമുവിനെ കാണാനും അടഞ്ഞു പോകുന്ന ആ കണ്ണുകളും തലച്ചോറും തുറപ്പിക്കാനും ഇബലീസിന്‍റെ പിടുത്തത്തില്‍ നിന്ന് മുക്തമാക്കാനും വേണ്ടി പറഞ്ഞയച്ചു. പിറ്റേ ദിവസം മാലാഖ ഇബലീസ് വരുന്നതിനു കുറച്ചുമുമ്പേ അയാളെ കാണാന്‍ ചെന്നു. ശുഭ്രവസ്ത്രധാരിയായി മാലാഖ തന്‍റെ വാതിലിനു മുമ്പില്‍ നില്‍ക്കുന്നത് കണ്ട് അയമു 'എതവനാ ഇത്' എന്ന കോലത്തില്‍ അന്തം വിട്ട് കുറേനേരം ആ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ വന്ന വഴി കാണിച്ചിട്ട് പറഞ്ഞു; 'ഇത് അയമൂന്‍റെ ബീടാണ്..ഇങ്ങക്ക് ബയി തെറ്റിയിട്ടുണ്ടാകും കാക്കേ! അതാണ്‌ ഇങ്ങള് ബന്ന ബയി!'

മറുപടിയായി മാലാഖ പുഞ്ചിരിച്ചു, എന്നിട്ട് അയമുവിന്‍റെ തോളില്‍ കയ്യിട്ട് മന്ദസ്മിതത്തോടെ തന്നെ പറഞ്ഞു: 'അറിയാം അയമൂ..തന്നെ കാണാന്‍ തന്നെയാണ് ഞാന്‍ ഇവിടെ വന്നത്. വളരെ പ്രധാനപ്പെട്ട ഒരു സംഗതി പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്..ഇവിടെ എന്നും സന്ധ്യക്ക് മനുഷ്യ രൂപത്തില്‍ കയറി വന്ന്‍ നിന്നോട് ചക്കര വര്‍ത്തമാനം പറയുന്നത് മറ്റാരുമല്ല ,അത് ചെകുത്താനാണ്‌!, സൂക്ഷിച്ചാല്‍ നിനക്ക് നന്ന്..അവന്‍റെ പിന്നാലെ ചെന്ന് ജീവിതം ആകെ താറുമാറാക്കണ്ട!'

ഉപദേശങ്ങള്‍ വള്ളി പുള്ളി വിടാതെ സശ്രദ്ധം കേട്ടിരുന്ന അയമുവിന് നേരം കുറച്ചായപ്പോള്‍ ഒരു സുലൈമാനി കുടിച്ചാല്‍ തരക്കടില്ലെന്നു തോന്നി. ഇങ്ങനെ, അതിഥിക്കും തനിക്കുമായി സുലൈമാനി ഉണ്ടാക്കാന്‍ അകത്തേക്ക് പോയ നേരം നോക്കി മാലാഖ പോകാനായി പതിയെ എഴുന്നേറ്റു...വാതില്‍ തുറന്നു നോക്കുമ്പോള്‍ അതാ കിടക്കുന്നു മുമ്പില്‍ ഇബലീസ്! മാലാഖയും ഇബലീസും അല്‍പ്പനേരം മുഖത്തോട് മുഖം നോക്കി നിന്നു.. പിന്നെ അവക്ജ്ഞയോടെ മുഖം ചുളിച്ച് എതിര്‍ദിശയിലേക്ക് വഴിമാറി സഞ്ചരിച്ചു.

'ആ 'നാശം പിടിച്ച' മാലാഖ അവനെ തന്നില്‍ നിന്ന് തട്ടിയെടുക്കുമോ' എന്ന ഒരു തരം ഭയം ഇബലീസിനെ വല്ലാതെ പിടികൂടി. അന്ന് മുറ തെറ്റിച്ച് ഇബലീസും അവിടെ കേറാതെ തിരിഞ്ഞു നടന്നു.

അന്ന് പാതിരാത്രിക്ക്‌ അയമു കാഹള നാദം പോലുള്ള തന്‍റെ പതിവ് കൂര്‍ക്കം വലിയുമായി മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍, ഇബലീസ് ശബ്ദമുണ്ടാക്കാതെ അകത്തു കയറി സ്വപ്നത്തിലൂടെ തന്‍റെ മായാലോകത്തിലേക്ക്‌ ആനയിച്ചു. തട്ടിപിടഞ്ഞെഴുന്നേറ്റ അയമു എന്താണ് ചുറ്റും സംഭവിക്കുന്നതെന്നറിയാതെ അന്ധാളിച്ച് ഇബലീസിന്‍റെ കൈതണ്ടക്ക് ചാടിപിടിച്ചു..

ഇബലീസ് പറഞ്ഞു: 'നമ്മളിപ്പോള്‍ ഒരു പറുദീസയിലാണ്.. അതാ അങ്ങോട്ട്‌ നോക്കൂ ഒരു കൂട്ടം സുന്ദരികള്‍ സ്നാനം ചെയ്യുന്നത്!.'



അയമു ആവേശത്തോടെ നോക്കി, പക്ഷെ ഒന്നും കണ്ടില്ല..!പിന്നെയും പ്രയാസപെട്ടു നോക്കിയെങ്കിലും സംഗതി തഥൈവ! നിരാശയില്‍ പിന്നാലെ യാത്ര തുടര്‍ന്നു.. ഇടക്കിടക്കെത്തുമ്പോള്‍ ഇബലീസ് അങ്ങനെ പല കാര്യങ്ങളും കാണിച്ചു കൊടുക്കുന്നുണ്ട്..'അതാ അവിടെ ഹൂറിലീങ്ങള്‍..ഇവിടെയിതാ ഒരു കൂട്ടം മണവാട്ടികള്‍..!'

ഇതെല്ലാം കേട്ട് അയമുവിന് ദേഷ്യം വരുന്നുണ്ട്..ഏറെ നേരം സഹിക്കെട്ട് പിടിച്ചു നിര്‍ത്താനാവാതെ ആ ചെകുത്താന്‍റെ പിരടി നോക്കി ഒന്ന് കൊടുത്തു..

'നാശമേ, ഇങ്ങനെ പള പള എന്ന് ചിലക്കാതെ, എന്ത് അസംബന്ധങ്ങളാണ് പുലമ്പി കൊണ്ടിരിക്കുന്നത്'

ഈ വാക്കുകള്‍ ഒരിടി നാദമായാണ് മനസ്സില്‍ മുഴങ്ങിയത്. തന്‍റെ ഹൃദയ ചലനത്തില്‍ മാറ്റമുണ്ടായതായും ഇബലീസിന് തോന്നി..ഏറെ നാള്‍ കെട്ടിപടുത്ത മോഹസാമ്രാജ്യം ഒറ്റ ദിവസം കൊണ്ടാണ് ആ മാലാഖ നശിപ്പിച്ചു കളഞ്ഞത് !! ഇങ്ങനെ സ്വയം പ്രാകി തിരിഞ്ഞു നടക്കവേ അയമു ഇബലീസിനെ വീണ്ടും ചാടിപിടിച്ചു.എന്നിട്ട് വളരെ ദേഷ്യത്തോടെ പറഞ്ഞു..

'ഇഞ്ഞെങ്ങാനും ഇന്നെങ്ങനെ പിടിച്ചോണ്ടരാണെങ്കില്‍ ഒന്ന് നേരത്തെ പറയണം ബലാലെ. നാശം പിടിക്കാന്‍! ഞാനിന്നെന്‍റെ കണ്ണട എടുത്തിട്ടില്ല!! ഒന്ന് മേം പോയി അത് എടുത്തോണ്ട് ബാ ചെയ്ത്താനേ!!'

ദുഖത്തിന്‍ പേമാരി സന്തോഷത്തിന്‍ അലകളായി മാറിയ ഇബലീസ് അതെടുക്കാന്‍ വേണ്ടി ശ്രീഘ്രം പുറപ്പെട്ടു...

*'തുണിയുരിഞ്ഞ് തുള്ളല്‍ വിപ്ലവം'!

തുനീഷ്യയില്‍ നിന്നും 'അറബ് വിപ്ലവത്തിന്' ശേഷം ഇപ്പോള്‍ പുതിയൊരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു ..'തുണിയുരിഞ്ഞ് തുള്ളല്‍ വിപ്ലവം' എന്നാണ് വിപ്ലവത്തിന്‍റെ പേര്...മാറും മൂലവും മറക്കണം എന്ന് പറഞ്ഞ് വാശിപിടിക്കുന്ന ജിഹാദികള്‍ക്കെതിരെയുള്ള ഒരു പുതിയ 'ജിഹാദാ'ണത്രെ ഇത്! തന്‍റെ മറച്ചു വെച്ച ശരീരത്തിലൂടെ മത മുല്ലമാര്‍ അഭിമാനം കൊള്ളുന്നു എന്നും, ആ അഭിമാനം ഞാന്‍ പോളിച്ചടക്കുമെന്നും വെല്ലുവിളിച്ച് മുലകളും നിതംബവും മാലോകരെ കാണിച്ചു മഹനീയ പദവിയിലേക്ക് വലിയ പ്രയാസമില്ലാതെ ഉയര്‍ന്നിരിക്കുന്നു ഒരു മഹിള! സര്‍വ്വമാന മുസ്ലീം മഹതികള്‍ക്കും വേണ്ടിയാണത്രേ അവള്‍ ഉടുമുണ്ടഴിച്ച് വിപ്ലവത്തിന്‍ ധ്വനി മുഴക്കിയത്.. നല്ല കാര്യം!! ഉടുമുണ്ടയിക്കാന്‍ വേവത് പൂണ്ടവര്‍ക്കിത് ഒരു അസുലഭ അവസരം തന്നെ, ചുളുവില്‍ പേര് നേടുകയും ചെയ്യാം!!

കളത്തിലിറങ്ങി ശീലമുള്ളവര്‍ക്കെ കളംനിറഞ്ഞു കളിക്കാനാവൂ എന്ന്‍ പറഞ്ഞ പോലെ,വസ്ത്രം ശരീരത്തിന് അലര്‍ജിയായ മദാമ്മകളാണ് തൊണ്ട പൊട്ടി സ്വതന്ത്രത്തിനു വേണ്ടി ആര്‍ത്തലക്കുന്നത്...കക്കറുപ്പന്‍ ശരീരവുമായി ആഫ്രിക്കന്‍സും ഈ 'മഹാ വിപ്ലവത്തിന്' മുന്നിട്ടിറങ്ങിയാല്‍ അവര്‍ മാറി പോകുമോ എന്ന ഒരു ചെറു ശങ്ക ചിലരെ പോലെ എനിക്കുമുണ്ട്..

വസ്ത്രധാരണത്തിന്‍റെ എ ബി സി ഡി പഠിപ്പിക്കുന്നത്‌ ഇസ്ലാമിസ്റ്റുകളെ ആയതിനാല്‍ അഫ്ഘാനിലും ഗ്വാണ്ടനാമോയിലുമൊക്കെ പൂട്ടികിടന്ന ക്യാമറ കണ്ണുകള്‍ തോളതേറ്റി തത്സമയ സംഭ്രേഷണത്തിന് കച്ച മുറുക്കിയിരിക്കുന്നു ജിഹാദിസ്റ്റുകളെ 'വെള്ളം കുടിപ്പിച്ച്' 'പേരെടുത്ത പല റിപ്പോര്‍ട്ടിംഗ് തമ്പ്രാക്കന്മാരും..സംഗതിപുറമേനിന്ന് വീക്ഷിക്കുമ്പോള്‍ സ്ത്രീയെ തൊലിയുരിഞ്ഞ് ശരിയാം വണ്ണം കണ്ടിട്ടില്ലാത്ത ഒരു പാവം 'ജിഹാദി'ക്ക് അവളെയും അത്തരക്കാരെയും കല്ലെറിഞ്ഞു കൊല്ലണമെന്നു തോന്നിയിരിക്കാം..അവനെ വെറും ഒരു സങ്കുചിത മനസ്ക്കനായി കണ്ട് നമുക്ക് മാറ്റി നിര്‍ത്താം! അപരിഷ്കൃതന്‍..!ലോകം മുഴുവന്‍ സ്വാതന്ത്ര്യത്തിന്‍ മഹനീയ ഗീതകള്‍ പാടുമ്പോള്‍ അവന്‍ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്ക്..! മോശം മോശം!!

-> ഇനി നമുക്ക് ഒരു സ്ത്രീ പിറന്നപടി ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ നോക്കാം...
  • വസ്ത്രത്തിന് ചിലവാക്കുന്ന കാശ് ലാഭിക്കാം!
  • വസ്ത്രം ധരിക്കുക നിമിത്തം നഷട്ടമായേക്കാവുന്ന വില പിടിച്ച സമയവും  ലാഭിക്കാം!
  • ശരീരം ഒരു പരസ്യ പലകയായി ഉപയോഗിക്കാം,അത് വഴി ചില്ലറ ഉണ്ടാക്കുകയും ചെയ്യാം!!
  • വിവാഹാലോചനക്ക് വരുന്നവര്‍ക്ക് ശരീരം കണ്ടു തൃപ്തിയായെങ്കില്‍ മാത്രം കെട്ടിയെടുത്താല്‍ മതി!
  • വല്ല അസുഖമൊക്കെയുഉണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ ദൂരെ നിന്നെ അത് കണ്ടു മനസ്സിലാക്കി മരുന്ന് നിശ്ചയിക്കാം..!
ഇങ്ങനെ ഒട്ടനേകം ഗുണങ്ങള്‍ അങ്ങനെ പരന്നുകിടക്കുമ്പോയാണ് വസ്ത്രവുമായി ചിലര്‍ പാഞ്ഞടുക്കുന്നത്, പോകാന്‍ പറ അവരോട്..ഹല്ല പിന്നെ!!



വെയിലും മഴയും കൊള്ളാതെ, തന്‍റെ ശരീരം ഒരു പൊതു മുതലാക്കാതെ, മൃഗങ്ങളില്‍ നിന്ന് തങ്ങള്‍ വ്യതിരിക്തരാകണമെന്നു ആഗ്രഹിച്ചും മനുഷ്യരാണെന്ന അടയാളം പ്രഘടിപ്പിച്ചും ഒരു കൂട്ടം വസ്ത്രധാരിണികള്‍ ഇറങ്ങിയിരിക്കുന്നു ഇതേ ഗോദയില്‍ ഈ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവതിനെതിരെ.. തുണിയുരിയാതെ അവരെയൊന്നും നമ്മുടെയാ ക്യാമറക്കകതാക്കണ്ട..!ആരും നോക്കിയേക്കില്ല ആ മൂടികിടക്കുന്ന ശരീരം, മാത്രമല്ല, അത് വഴി വല്ല പ്രശസ്തിയും നമ്മെ തേടിയെത്തുകയുമില്ല...

അതിനാല്‍ നമുക്കൊന്നിച്ച്‌ കൂവാം: 'തുണിയുരിഞ്ഞു തുള്ളല്‍' വിപ്ലവം സിന്ദാബാദ്..സിന്ദാബാദ്!


>അടിക്കുറി:
കേരളത്തിലെ ഫെമിനിസ്റ്റുകളും ഒന്നുണര്‍ന്നു കളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

Monday 1 April 2013

മൂന്നു കഥകള്‍

# ചില സമകാലീന പൊട്ടിതെറികള്‍


ഏറ്റവും തിരക്ക് പിടിച്ച മാര്‍ക്കറ്റില്‍, പോലീസ് വേഷം മാറി ഒരു സാധാ നാടന്‍ മനുഷ്യ കോലത്തില്‍ നൂന്ന് കയറി, പൊട്ടി തെറിച്ചാല്‍ ഏറ്റവും അധികം മനുഷ്യര്‍ കാഞ്ഞു പോകുന്നിടത്ത് തന്നെ ബോംബ്‌ അതിവിദക്തമായി ഒളിച്ചു വെച്ച്, ഇതിന്‍റെ പേരില്‍ നാളെ പിടിക്കപെടേണ്ട ആളുകളുടെ ലിസ്റ്റുമായി അര്‍ദ്ധ മന്ദഹാസത്തോടെ നടന്നു നീങ്ങവേയാണ് അപ്രതീക്ഷിതമായി സമയം തെറ്റി ഘോര ശബ്ദത്തോടെ അത് പൊട്ടി തെറിച്ചത്‌.

പിറ്റേന്ന് ഒരു കൂട്ടം കരിഞ്ഞ മനുഷ്യമാംസങ്ങള്‍ വാരികൂട്ടുമ്പോള്‍ അതില്‍ അയാളുടേതുമുണ്ടായിരുന്നു !! ഏറെ വൈകാതെ തന്നെ ജന സേവനത്തിനുള്ള മഹത്തായ സര്‍ക്കാര്‍ ബഹുമതിയും കുടുംബത്തിനു  കണ്ണീരൊപ്പാന്‍ അല്‍പ്പമല്ലാത്ത ലക്ഷങ്ങളും കിട്ടിയിരിക്കുന്നു!! ജീവിതം ധന്യമായി... ഇതിനേക്കാള്‍ കൂടുതല്‍ അംഗീകാരം ഇനി എന്ത് വേണം !!!

(ഇന്ത്യക്കാരെല്ലാം ഇപ്പോള്‍ സന്തോഷവാന്മാര്‍, എങ്കിലും, മറ്റുള്ളവരുടെ കാര്യം മറന്നുപോലും  ചോദിച്ചേക്കരുത്!!)

----------------------------------------------------------------------------------------------

# ഫേസ്ബുക്കില്‍ തലയിട്ട ഒരു നമ്പൂരിയുടെ കഥ


മക്കളും മരുമക്കളും നാട്ടുകാരുമൊക്കെ ഫേസ്ബുക്കിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കേട്ട് കേട്ട് ഇല്ലത്ത് മാത്രം ജീവിച്ചു ശീലിച്ച ആ പ്രായം ചെന്ന നമ്പൂരിക്കും തോന്നി 'ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയാല്‍ തരക്കേടില്ലെന്ന്...

അന്ന് തന്നെ ഉണ്ണിയെ വിളിച്ചു, തന്‍റെ ചെറുപ്പ കാലത്തെ തുടുത്ത മുഖവും ഇല്ലത്തെ അമ്പലവും യഥാക്രമം പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയുമാക്കി ഗംഭീരമായി തന്നെ ഒന്ന് തനിക്കും തുടങ്ങി.. ആ ഒരു ദിവസം അതിന്‍റെ മുന്നില്‍ മാത്രം ചിലവഴിച്ച് ഫേസ്ബുക്കിനെ കുറിച്ച ചില തന്ത്രങ്ങളൊക്കെ മനസ്സിലാക്കി..

പിറ്റേന്ന് കാലത്ത് തുറന്നു നോക്കുമ്പോള്‍ തന്‍റെ പ്രോഫിലിന്‍റെ മുകള്‍ ഭാഗത്ത് അങ്ങുമിങ്ങും ചുവപ്പ് കളറും ചില അക്കങ്ങളും കണ്ടു മൂപ്പര്‍ എന്നു മില്ലാത്ത വിധം ആഹ്ലാദ ഭരിതനായി. ആരോ തനിക്കു ഫ്രണ്ട് റിക്വസ്റ്റും അയച്ചിട്ടുണ്ട് . ആവേശത്തില്‍ തുറന്നു നോക്കുമ്പോള്‍ 'ഒരു ദളിത്‌ വിഷന്‍' ആണ് അയച്ചവന്‍!! ഇത് കണ്ടു കലി കയറി ഉണ്ണിയെ വിളിച്ചു അന്ന് തന്നെ മൂപ്പിലാന്‍ ധൃതിയില്‍ ആ കവര്‍ ഫോട്ടോയില്‍ മാറ്റം വരുത്തി.. അതില്‍ ഇപ്പോള്‍ ആ ഫോട്ടോക്ക് താഴെ ഇങ്ങനെ വായിക്കാം..

'നമ്പൂതിരി ഫാമിലിയില്‍ പെടുന്നവരില്‍ നിന്ന് മാത്രം ഫ്രണ്ട് റിക്വസ്റ്റുകള്‍ സീകരിക്കുന്നു..!'

അത് തന്നെയാണ്  സ്റ്റാറ്റസ് അപ്ഡേറ്റും!!

 -------------------------------------------------------------------------------------------------

# ദൈവ ഭക്തന്‍


'രണ്ടു വാഴക്കുല, ഒരു ചാക്ക് നാളികേരം , വേണ്ടുവോളം ധാന്യ വിഭവങ്ങള്‍,
 മറ്റു പല  വില പിടിച്ച വസ്തു വകകള്‍...' വാഹനം ദൈവത്തിനുള്ള പ്രാസാദം കൊണ്ട് നിറഞ്ഞിരിക്കുന്നു...

റോഡിലൂടെ ചീറി പായുമ്പോള്‍ വാഹനത്തിലേക്ക്  വിശപ്പിന്‍റെ ഉള്‍വിളി കൊണ്ട്അന്തിച്ചു നോക്കി  ഉമനീരിറക്കിയ യാചകന്മാരുടെ ദയനീയമായ കണ്ണുകളിലേക്കോ നാടോടികളായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്ന ആ ഒരു പറ്റം മനുഷ്യ പേക്കോലങ്ങളിക്കോ അയാളുടെ കണ്ണുകള്‍ അറിയാതെ പോലും  തിരിഞ്ഞതേയില്ല ...

കാരണം അയാളപ്പോയും ദൈവത്തെ പ്രസാദിപ്പിക്കാന്‍ വേണ്ടി കുതിച്ചോടുകയായിരുന്നു...

Friday 22 March 2013

ബോംബിന്‍റെ പ്രണയ കഥ... ഒന്നാം ഖണ്ഡം...

എന്ത് കൊണ്ട് ആരാധനാലയങ്ങളില്‍ മുസ്ലിം പള്ളികളിലും അവരില്‍ ചിലര്‍ ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന ദര്‍ഗകകളിലും മാത്രം ബോംബു പൊട്ടുന്നത് .. എന്താണ് ബോംബിനു ഇതുകളോട് ഇത്ര പെരുത്ത മുഹബ്ബത്ത് !!


ഇരിക്കട്ടെ,അതിനെക്കാളും മഹാത്ഭുതം ഈ ബോംബുകളെല്ലാം തന്നെ പൊട്ടി പുകയടങ്ങും മുമ്പേ പിടിക്കപെടുന്നതും ഈ പ്രതേക വിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണെന്നാണ്....! ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ 'ചോറ് ഇവിടെയും കൂറ് അവിടെയും' എന്ന് പ്രസ്താവന തുടങ്ങുകയായി.. അവിടെ എന്നാല്‍ പാകിസ്ഥാന്‍ എന്നര്‍ത്ഥം ..! അതായത്, ആരെയെങ്കിലും പിടിച്ചാല്‍ മിണ്ടാതിരുന്നു കൊള്ളുക. ഇനി ഒളിക്കാന്‍ പറ്റാത്ത വല്ല തെളിവും ബോംബു വെച്ചവരുടെ തന്നെ പിരടിക്ക് വീണാല്‍ അവനു മാനസികം, അല്ലെങ്കില്‍ ഒരു രസത്തിനു ചെയ്തത്, പ്രണയ നൈരാശ്യം തുടങ്ങി നൂറുക്കൂട്ടം പ്രശ്നങ്ങളാണ്..

തൊപ്പിയും താടിയും വെച്ച് ഒരാള്‍ എങ്ങോട്ടെങ്കിലും നടക്കുകയും ലവന്‍റെ കയ്യില്‍ ഒരു ബ്ലൈടോ ചുറ്റികയോ ഉണ്ടാവുകയും ചെയ്താല്‍ ലവന്‍ കുടുങ്ങിയത് തന്നെ.... ഉടന്‍ അവന്‍റെ പദവി പൊങ്ങി അധോലോക ഫീകരനും, പിടികിട്ടാ പുള്ളിയുമൊക്കെ ആയിതീരും..!

രണ്ടു സാധുക്കള്‍
വേണ്ടത്ര തെളിവുകളുടെ അടിസ്ഥാനത്തില്‍ ' ബോംബ്‌ വെച്ച യഥാര്‍ത്ഥ ഫീകരനെ ' പിടിച്ചാല്‍ ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ജാമ്യം കിട്ടി മൂപ്പര്‍ സാധാരണ ജീവിതം നയിക്കലായി.. അന്വോഷണങ്ങളോ കൂടുതല്‍ ചോദ്യം ചെയ്യാലോ ഇല്ല..അതായത്, വീണ്ടും വീണ്ടും അങ്ങുമിങ്ങും പുതിയവ പൊട്ടിക്കാനും വെന്ത മാംസത്തിന്‍റെ ഗന്ധമാസ്വദിച്ച് അര്‍മാദിക്കാനുമുള്ള അവസരം..! ഒരു നൂറു വട്ടം ബോംബിട്ടു രസിച്ചാലും ആരുംതന്നെ അവരെ സംശയിക്കാന്‍ പോകുന്നില്ല. കാരണം, അത്ര മാത്രം മഹത്തായ പേരും പോരിഷയുമാണ് അവരുടേത്!! ജന്മഫലത്താല്‍ എന്ത് ബെടക്കത്തരം ചെയ്താലും അതെല്ലാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പൊറുത്തു മാപ്പാക്കുന്നതാകുന്നു...!

ഈ വാസ്തവമായ സംഗതി താങ്കളും അറിഞ്ഞിരിക്കുമല്ലോ ല്ലെ ?അതായത് ലോകത്തിന്‍റെ ഏതൊരു മുക്കിലും മൂലയിലും ബോംബു പൊട്ടിയാലും അതെല്ലാം ലവന്മാരായിരിക്കും ചെയ്തത് എന്ന മഹാ സത്യം... ഹൈ, നേരത്തെ പറഞ്ഞ ആ താടിക്കാര്‍, ഉറപ്പ്‌ ! അതെ, ഇത് തന്നെ ആ പറഞ്ഞ വാസ്തവം... അവര്‍ക്ക് ഇനി കാലിനു വയ്യെങ്കിലും ശരീരം തന്നെ മൊത്തം തളര്‍ന്നിട്ടുണ്ടെങ്കിലും സംശയം വേണ്ട, അവര്‍ തന്നെ.. അവര്‍ക്കെ അതിനു കഴിയൂ..

ഈ വാചകമടി നിത്യം കേട്ട് കേട്ട് സഹികെട്ട് ആരെങ്കിലും സത്യം തേടി ഇതിനെ ചോദ്യം ചെയ്യാന്‍ വന്നാല്‍ അപ്പോഴുമുണ്ട്‌ പ്രശ്നങ്ങള്‍.. തൊപ്പിവെച്ചവനാണെങ്കില്‍ പാകിസ്ഥാനെ സഹായിക്കുന്നവര്‍,സ്വന്തം രാജ്യത്തെ ഒറ്റി കൊടുക്കുന്നവര്‍, തീവ്രവാദികളെ പിന്താങ്ങുന്നവര്‍.. അങ്ങനെ അങ്ങനെ..! ഇനി ഇത് മറ്റു വല്ല 'ജന്മ ഫലം തലയില്‍ എഴുതപെ ട്ടവരുമാണ് ചോദിക്കുന്നത് എങ്കില്‍, ഇന്ത്യയോട് കൂറില്ലാത്തവര്‍ എന്ന ഭീഷണി... അത് ഫലിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ പിടിച്ച് കൂട്ടിലിട്ട ആ ഫീകര തീവ്രവാദിയെ ക്ഷണ നേരം കൊണ്ട് കാല പുരിക്കയക്കലായി..

ബോംബുകള്‍ നിരന്തരം പലയിടങ്ങളിലും പൊട്ടുന്നുണ്ട്, തലക്ഷണം അല്ലെങ്കില്‍ ഒരാഴ്ച്ച രണ്ടാഴ്ച്ച മുമ്പേ തന്നെ 'പ്രതികളെ ആട്ടിതെളിക്കുന്നുമുണ്ട് .. ചില നേരത്ത് പത്രങ്ങള്‍ക്കും വലിയ ഉത്സാഹമാണ് പ്രതികളെ കുറിച്ച് അതീവ രഹസ്യമായ വാര്‍ത്ത നല്‍കാന്‍. അങ്ങനെ നീണ്ട നീണ്ട ലേഖനങ്ങള്‍ ഈ വക കാര്യത്തില്‍ എഴുതി കൊണ്ടിരിക്കെ 'നീതി' പൂര്‍ണ്ണമായും വറ്റിപോകാത്ത നീതിന്യായ വ്യവസ്ഥ ഇടക്കെവിടെ നിന്നെങ്കിലും 'യഥാര്‍ത്ഥ ഫീകരരെ 'വലക്കകത്താക്കി തൂക്കിയെടുത്താല്‍ ഉത്സാഹ തിമിര്‍പ്പില്‍ ഓടി തുള്ളിയ മുത്തശ്ശി പത്രങ്ങള്‍ക്കും അവയെ പിന്തുടരുന്ന കുഞ്ഞു തമ്പുരാക്കന്‍മാര്‍ക്കും പിന്നെ അള്‍ഷിമെയെസ് രോഗമായി...പക്ഷെ ഈ അവസ്ഥയിലും അവര്‍ എല്ലാം മറക്കില്ല, ഇത് മാത്രം! അതെ ഈ ഒന്ന് മാത്രം!!!

ഇങ്ങനെ എഴുതിയാല്‍ തീരാത്തത്ര നീണ്ടു പോകുന്നു ഇന്ത്യയുടെ വർത്തമാന മഹത്വങ്ങളും പോരിഷകളും..

Saturday 16 March 2013

ഒരു ബോംബ്‌ കേസ് ജനിക്കും വിധം



അസിമാനന്ത്: 'സുഗൂ, ഇന്ന് ആ ഖോജാ ഷൈക്കിന്‍റെ ദര്‍ഗക്കടുത്തുള്ള പള്ളിയില്‍ ബോംബു വെക്കണം.. നീയാണതിനു നേതൃതം നല്‍കേണ്ടത്'

സുഗു: 'എന്തിനാ സ്വാമി അവിടെ ബോംബ്‌ വെക്കുന്നത്? ഒരു പാട് പേര്‍ മരിച്ചു പോവില്ലേ!'

അസി: 'എടാ മണ്ടാ, അവരെല്ലാം നമ്മുടെ ശത്രുക്കളാ.. മുസ്ലീംകളെയൊക്കെ നമുക്ക് ഈ നാട്ടില്‍ നിന്നും തുരത്തണം..'

സുഗു: 'എങ്കിലും അവിടെ താമസിക്കുന്ന ഒരു പാട് സ്ത്രീകളും കുട്ടികളും..?'

അസി: നിനക്ക് തലയ്ക്കു വെളിവില്ലെ മണ്ടാ, അവരും മുസ്ലീംകളാ.. ഈ സ്ത്രീകളാണ് പുതിയ പുതിയ ജിഹാദിസ്റ്റുകളെ പ്രസവിക്കുന്നത്... ആ ജിഹാദികളാണ് നാളെ ഈ നാട്ടില്‍ വലിയ ജിഹാദിസ്റ്റുകളായി പ്രസരിക്കുന്നത്..'

സുഗു: 'പക്ഷെ അവര്‍ നമുക്കെതിരെ ഒന്നും ചെയ്തില്ലല്ലോ... മറിച്ച് അവിടെ താമസിക്കുന്നവരെല്ലാം നമ്മോടു വളരെ സൗഹൃദമുള്ളവരും എപ്പോഴും നമ്മെ സഹായിക്കുന്നവരുമല്ലോ..'

അസി: 'നീ വിഡ്ഢിത്തം വിളമ്പാതെ സുഗൂ, ഇന്ത്യയെ വിഭജിച്ചത് പിന്നെ ആരാ... ഈ സൗഹൃദങ്ങളൊക്കെ വെറും കാപട്യങ്ങളാണ്..!'


സുഗു: 'ചോദിക്കട്ടെ അസീമാനന്ത് , ഇവരെയൊക്കെ ബോംബിട്ട് തകര്‍ക്കണം നശിപ്പിക്കണം എന്നൊക്കെയുള്ള നിന്‍റെയീ ദൃഡ പ്രതിക്ഞക്ക് പിന്നിലെ ചേതോവികാരം എന്താണ്..?

അസി: 'അതെന്ത് ചോദിക്കാന്‍, അവരെല്ലാം തീവ്രവാദികളാണ്... അത് തന്നെ. അവരാണ് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിൻറെ തന്നെ അങ്ങുമിങ്ങും ബോംബു വെക്കുന്നതും വർഗ്ഗീയത ഉണ്ടാക്കുന്നതും...!'

ഇതും പറഞ്ഞ് കയ്യിലുള്ള ബോംബ്‌ അടുത്തുള്ള ഒരു ദർഗ്ഗയിലേക്ക് വലിച്ചെറിഞ്ഞ് പരസ്പ്പരം തോളിൽ കയ്യിട്ട് ആടിപ്പാടി വന്ന വഴി തന്നെ അവർ തിരിഞ്ഞോടി..

Sunday 10 March 2013

ജീവിതമെന്ന് പറയുമ്പോള്‍

ഓസോണ്‍ പാളികളെല്ലാം അങ്ങിങ്ങ് തകര്‍ന്നു സൂര്യന് നേരിട്ട് തലകടത്തിവിടാന്‍ പാകത്തിന് പരുവപെട്ട ആകാശവും താഴെ വിഷലിപ്തമായ ഭൂമിയും സ്വന്തം ആവാസ വ്യവസ്ഥയുമെല്ലാം ഗതികെട്ട് ഇവിടെ നമുക്ക് നേരെ യുദ്ധാഹ്വാനാം ചെയ്തുകൊണ്ടിരിക്കെ, അവനവന്‍റെ ജീവിതത്തിനു വേണ്ടി ആവതു പോരാടി ആകാശത്തോടും ഭൂമിയോടും കൊഞ്ഞനം കുത്തി അവക്കുമേല്‍ തന്‍റെ അധീശത്വം വീണ്ടും വീണ്ടും സ്ഥാപിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറം, എന്തിനു നമുക്കൊരു വിശാല മനസ്സുണ്ടാകണം ഈ തുച്ച ജീവിതത്തില്‍! നമ്മുടെ ആവിശ്യം മറ്റൊരാള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് സമൂഹം പറഞ്ഞാലും (ഞാനും ഉള്‍പ്പെടുന്നതാണ് സമൂഹം, ഭാഗ്യം!) ഇവിടെ ധാര്‍മ്മികതയുടെയും മനുഷ്യ പറ്റിന്‍റെയും ചോദ്യമുതിക്കുന്നില്ല. ചിലര്‍ പറയുന്ന പോലെ എല്ലാം ആപേക്ഷികമാണ്... ആപേക്ഷികം മാത്രം. അതായത് ,ഇച്ചയനുസരിച്ച് തീരുമാനമെടുക്കാനുള്ള അവാകാശം വ്യക്തി കേന്ദീകൃതം മാത്രമാണ്. അത് വക വെച്ച് കൊടുക്കുക.


ഒരാള്‍ അപകടത്തില്‍പെട്ട് ജീവന് വേണ്ടി ആര്‍ത്തുകരഞ്ഞാല്‍ തിരിഞ്ഞു നോക്കലും അവഗണിക്കലും കാഴ്ച്ചക്കാരുടെ മാത്രം ഇഷ്ട്ടമാണ് . ഇനി ഒരാള്‍ മാറിനിന്ന് അത് വീക്ഷിച്ചു ആത്മ നിര്‍വൃതി കൊണ്ടാല്‍, 'എന്‍റെ ജീവനല്ല ആ പിടയുന്നത്, രക്ഷപെട്ടു' എന്ന് നിശ്വസിച്ചാല്‍, അത് ചോദ്യം ചെയ്യേണ്ട ആവിശ്യം ഭൂമുഖത്ത് ആര്‍ക്കുണ്ട്!

ഹാ! ആര്‍ക്കും ആരോടും ഒരുത്തരവാദിത്തവും സന്മാനോഭാവവും ഇല്ലാതെ അങ്ങനെ ജീവിച്ചു മരിച്ചു പോകുക, അതിനേക്കാള്‍ മഹനീയമായ, മഹത്തരമായ എന്ത് സംഗതിയാണ് വേറെയുള്ളത്!!

നിന്നെ നാളെ പോലീസ് പിടിച്ചു കൊണ്ട് പോയാല്‍ അത് നിന്‍റെ പിടിപ്പുകേട്. അത് നിങ്ങള്‍ തമ്മില്‍ തമ്മില്‍ തന്നെ പറഞ്ഞു തീര്‍ക്കുക. (നീ തെറ്റ് ചെയ്യാതെ നിന്നെ പോലീസ് പിടിച്ചു കൊണ്ട് പോകില്ലല്ലോ, പോലിസിനെ എനിക്കത്ര വിശ്വാസമാണ്, കാരണം അവരെന്നെ ഇതുവരെ പിടിച്ചിട്ടില്ല!) ഇനി അഥവാ നീ നിരപരാധിയാണെന്ന് എന്‍റെ തൃക്കണ്ണ്‍ കൊണ്ട് കണ്ടാലും ഞാനെന്തിനു എന്‍റെ സമയം പാഴാക്കണം. മറ്റൊരാള്‍ അതില്‍ തലയിടുക എന്നത് ജോലിചെയ്യേണ്ടുന്ന, പഠിക്കേണ്ടുന്ന, കളിക്കേണ്ടുന്ന സമയങ്ങളില്‍ വരുന്ന നഷ്ട്ടമാണ്. കൂടാതെ തിന്നാനും തിന്നത് കൊണ്ട് പോയി തള്ളാനും ഉള്ള പ്രതേക സമയങ്ങളില്‍ ക്രമക്കേടും അതുണ്ടാക്കും എന്ന് തുടങ്ങി നീണ്ട നീണ്ട പ്രശ്നങ്ങളുണ്ട്... 

ഒരാള്‍ ആത്മഹത്യാ ചെയ്താല്‍ അത് തിരിഞ്ഞു നോക്കേണ്ട ബാധ്യത മറ്റുള്ള മനുഷ്യര്‍ക്കാണോ! ആ ഒരു മനുഷ്യന് ജീവിതം മടുത്തു, അങ്ങനെ മടുത്ത ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം അത്രയേ നമ്മള്‍ കരുതേണ്ടതുള്ളു..(അത് ഒരു കണക്കിന് നല്ലതല്ലെ, ഭൂമിക്കു അവര്‍ക്കുള്ള ചെലവു വെട്ടാമല്ലോ!!) മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിയെ കുറിച്ച് നമുക്കെന്തും പറയാം. എന്ത് അപവാദം പ്രചരിപ്പിച്ചാലും ഒരാള്‍ക്കും അതില്‍ നിന്ന് തടയാനാവില്ല.. കാരണം അപവാദം മരിച്ച വ്യക്തിയെ കുറിച്ചാണല്ലോ, അപവാദം സഹിക്കുന്നില്ലെങ്കില്‍ മരിച്ച ആള്‍ വന്നു മറുപടി പറയട്ടെ..!! സംസാര സ്വാതന്ത്രം കിട്ടിയിരിക്കെ നമുക്കെന്തും വിളിച്ചു പറയാം..അതാണ്‌.. ജീവിതം! ഉള്ളത് പറയാമല്ലോ,അപവാദ പ്രചരണം ജീവിതത്തിന്‍റെ ഒരു വലിയ ആനന്ദ മാണ് .. ആ ആനന്ദം പരമാവധി ജനങ്ങളില്‍ എത്തിച്ച് അവരെയും ആനന്ദത്തിന്‍റെ മഹാശൃംഖലയില്‍ എത്തിക്കുക.. 

ഈ സമരം സമരം എന്ന് പറയുന്നത് എനിക്ക് (നിനക്കും എന്നോടൊപ്പം പങ്കുചേരാം) പറഞ്ഞിട്ടുള്ളതല്ല.. അത് സമൂഹത്തില്‍ ക്രമ രാഹിത്യമുണ്ടാക്കും.. ഓരോ സമരത്തിന്‌ പിന്നിലും സമരക്കാരുടെ തല്‍പ്പര ആവിശ്യങ്ങളായിരിക്കും.. ലാഭം നോക്കിയല്ലാതെ ആരെങ്കിലും സമരത്തിനിറങ്ങുമോ! (നിര്‍ഭാഗ്യവശാല്‍ ഒരു സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്, സമരം വിജയിച്ചിട്ടും എനിക്കൊന്നും കിട്ടിയില്ല.. എന്‍റെ സമയം, എനര്‍ജി എല്ലാം വൃഥാവിലായി!) ഇപ്പോള്‍ അത്തരം ലാഭേച്ചകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഒരു സമരത്തിനും പങ്കെടുക്കാറില്ല.. ഒരാള്‍ മറ്റൊരാളെ കൊന്നിട്ടുണ്ടെങ്കില്‍ കൊല്ലപെട്ടവന്‍റെ ആള്‍ക്കാര്‍ വന്നു സമരം ചെയ്യട്ടെ, സമരഫലം ആസ്വദിക്കുന്നത് അവരാണല്ലോ!! ഞാനെന്തിനു അതില്‍ തലയിടണം! ചെറിയ ചെറിയ ചീള് കേസുകള്‍ക്ക്‌പോലും ആളുകള്‍ സമരം നടത്തുന്നു, അതെന്‍റെ വ്യവഹാരങ്ങളെ ബാധിക്കുന്നു എന്നവര്‍ മനസ്സിലാക്കാത്തതെന്താ...!!

പിന്നെ പ്രതേകിച്ചും, ഈ വിദ്യാര്‍ഥി സമരങ്ങളിലോന്നും എനിക്കത്ര വിശ്വാസം പോര! നമ്മള്‍ സ്കൂളിലും കോളേജിലും ഒക്കെ പോകുന്നത് സമരം ചെയ്യാനാണോ? പഠിക്കാനല്ലേ!! ഒരു യൂനിവേസിറ്റിയിലാണെങ്കില്‍ വി സിക്കും രജിസ്റ്റാറിനും പ്രോക്ടര്‍ക്കും പ്രോഫസ്സര്‍മാര്‍ക്കുമൊക്കെ എന്തും ചെയ്യാം.. അവരാണല്ലോ ഭരണകര്‍ത്താക്കള്‍, നമ്മള്‍ വെറും വിദ്യാര്‍ഥികള്‍, വിദ്യ മാത്രം അര്‍ഥിക്കുന്നവര്‍ . സമരത്തില്‍ പങ്കെടുക്കുകയും വി സി യോ വി സിയുടെ വിനീത സേവകരോ ഒളിഞ്ഞ്നിന്നെടുക്കുന്ന വീഡിയോയില്‍ ഞാനെങ്ങാനും അകപ്പെടുകയും അവരുടെ കണ്ണില്‍ ഒരു കരടാവുകയും ചെയ്താല്‍.. ദൈവമേ, ആലോചിക്കാന്‍ വയ്യ! അവരെന്നെ വെറുതെ വിടുമോ! എന്‍റെ വിദ്യഭ്യാസം ആകെ കുളം തോണ്ടും..!

ഒരു പാട് പുസ്തകങ്ങളൊക്കെ വായിച്ചു തീര്‍ക്കണം. അതിനിടക്ക് ഈ ജീവിതം എവിടെയെങ്കിലും കൊണ്ട് പോയി പാഴാക്കാന്‍ ഞാനില്ല..!അതിനു മാത്രം ഒരു മരമണ്ട നൊന്നുമല്ല ഞാന്‍!!!!.. ഹം!

ഇതൊക്കെയാണെങ്കിലും എന്‍റെ പ്രിയ വായനക്കാരാ, ഞാനെപ്പോഴെങ്കിലും അപകടത്തില്‍ പെടുകയും ചോര തൂറ്റി പിടയുകയും ചെയ്താല്‍ എങ്ങനെയെങ്കിലും എന്നെ ആശുപത്രിയിലെത്തിക്കാനുള്ള വഴി തേടുക! ഒരു യൂനിവേസിടി വിദ്യാര്‍ഥി എന്നതിനാല്‍, ഏതെങ്കിലും ഒരവസ്ഥയില്‍ വിസിയും രജിസ്ട്ടാരും പ്രോക്ട്ടരും പ്രൊഫസര്‍മാരുമൊക്കെ എനിക്കെതിരെ എന്തെങ്കിലും കേസുകള്‍ കെട്ടിച്ചമച്ചാല്‍ നീ എനിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തണം.. കാലം മോശമായ സ്ഥിതിക്ക് എന്തും സംഭവിക്കാം... അവരുടെ നിരന്തര പീഡനത്തിനിരയായി ഒരു തുണ്ട് കയറില്‍ ജീവിതം ഒതുക്കേണ്ടി വന്നാല്‍ , അപവാദപ്രചാരണങ്ങള്‍ എങ്ങനെയും തടഞ്ഞ്, കുടുംബക്കാര്‍ക്ക്‌ വേണ്ടി അവരുടെ സമാധാനത്തിനു വേണ്ടി ഇതു ചെയ്യാനുള്ള കാരണം അവര്‍ക്ക് വ്യകതമാക്കി കൊടുക്കുകയും അതിനു കുറ്റക്കാരായവരെ തേടിപിടിച്ചു ശിക്ഷിക്കുകയും ചെയ്യണം.. കാരണം എന്‍റെ കുടുംബക്കാരും എന്നെ പോലെ പാവമാണ്... !

Post Your Facebook Comments Down