Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Wednesday 17 April 2013

ഒരു നായകന്‍റെ ആവിര്‍ഭാവം!!

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും  രണ്ടര കിലോമീറ്ററോളം കാല്‍നടയായി ഒരുപാട് പറമ്പുകളും പാടങ്ങളും തോടുകളുമൊക്കെ താണ്ടി കഠിനാദ്ധ്വാനം ചെയ്തു വേണം സ്കൂളിലെത്താന്‍..(ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നതൊക്കെ ഒരു സംഭവം തന്നെ!)

എന്നത്തേയും പോലെ അന്നും നേരം വൈകി വീട്ടില്‍ നിന്നും ഇറങ്ങി. കൂടെ അനിയനും അയല്‍പക്കത്തുള്ള അഞ്ചെട്ടു പിള്ളേരുമുണ്ട്. കൂട്ടത്തില്‍ മൂത്തത് ഞാനായതിനാല്‍ ഞാന്‍ പറയുന്നിടത്തായിരുന്നു കാര്യങ്ങള്‍! നടന്നു നടന്നു പാടവരമ്പിന്‍റെ നടുവിലെത്തിയപ്പോള്‍ എന്‍റെ വയറൊന്ന് കാളി! അക്കരയില്‍ ഞങ്ങളെയും കാത്ത് നില്‍പ്പാണ് ഇദരീസ്!! സ്കൂളിലെ ഞങ്ങളുടെ ആജന്മ ശത്രുവാണ്! ഞാന്‍ അനിയനോട് സ്വകാര്യമായി പറഞ്ഞു: 'ഇനി നീ മുമ്പീ നടന്നോ, ഞാനീ ചെരിപ്പിന്‍റെ വള്ളി നന്നാക്കട്ടെ!'

അത് കേക്കേണ്ട താമസം അവന്‍ വളരെ ആവശഭരിതനായി. എന്‍റെ കാല ശേഷം ബാക്കിയുള്ളവര്‍ക്ക്‌ വഴികാട്ടേണ്ടവനല്ലേ, ചിലതൊക്കെ അവനും പഠിക്കണമല്ലോ!

ചുരുക്കി പറഞ്ഞാല്‍, ആ സാധു ഇദരീസിനെ കണ്ടിട്ടില്ല! അങ്ങനെ അവനെ ഏറ്റവും മുമ്പിലേക്ക് തള്ളിവിട്ട് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും പിറകെ പോയി ഞാന്‍ തടിതപ്പി.

അക്കരയെത്തിയപ്പോള്‍ ഇദരീസ് 'നിന്നെ പിടിച്ചെടാ!' എന്നും പറഞ്ഞ് അനിയന്‍റെ മേലെക്കൊരു ചാട്ടം! പെട്ടെന്നുള്ള ഈ അലര്‍ച്ചയും ചാട്ടവും കണ്ട്  നെട്ടിപ്പോയ അവന്‍റെ കയ്യില്‍ നിന്നും പുസ്തകങ്ങളൊക്കെ ദൂരേക്ക്‌ തെറിച്ചു വീണു. ഞാന്‍ എല്ലാം മാറി നിന്നു വീക്ഷിച്ചു .. (അല്ലെങ്കിലും നായകന്മാര്‍ അവസാനമാണല്ലോ രംഗ പ്രവേശം ചെയ്യുക!)

ഒരു പാട് നേരം അനിയന്‍റെ മേലെ അവന്‍ പരാക്രമം കാണിച്ചു. കുറെനേരമിങ്ങനെ കെട്ടി മറിഞ്ഞ് അടിക്കുന്നത് കണ്ടപ്പോള്‍ എന്നിലെ പൌരുഷം മെല്ലെ  തലപൊക്കി! കൂട്ടത്തില്‍ മൂത്തത് എന്ന് മാത്രമല്ല, സ്വന്തം അനിയനേയല്ലേ പഹയിനിട്ടടിക്കുന്നത്. .ഭാവിയില്‍ ബഹുമാനത്തിന് കുറവ് വന്നാലോ!



ഗര്‍ജ്ജിക്കുന്ന ഒരു സിംഹമായി ഇദരീസിന്‍റെ അടുത്തേക്ക് ഓടി ചെന്ന് ഒരു ആജ്ഞയായിരുന്നു പിന്നെ: 'വിടെടാ എന്‍റെ അനിയനെ!'

പക്ഷെ, ഞാന്‍ പറഞ്ഞതല്ല അവന്‍ ചെയ്തത്‌..മറിച്ച് എന്‍റെ നടുപ്പുറം നോക്കി ഒറ്റ ചവിട്ട്. 'വീണതാ കിടക്കുന്നു ധരണി'യില്‍ എന്ന പോലെ വരള്‍ച്ചകൊണ്ട് കട്ട പിടിച്ചു കിടക്കുന്ന പാടത്തിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിലംപതിച്ചു. അപമാനത്തിന്‍റെ അങ്ങേയറ്റം എന്നല്ലാതെ എന്ത് പറയാന്‍!. കൂടെയുള്ളവര്‍ വാ പൊളിച്ച് എല്ലാം ആസ്വദിക്കുന്ന പോലെ തോന്നിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു മണ്‍കട്ടയെടുത്ത് അടുത്ത ഭീഷണി തൊടുത്തു:' എഴുന്നേറ്റ് ഓടെടാ, ഇല്ലെങ്കില്‍ ഇത് നിന്‍റെ തലമണ്ടക്ക് ഞാനെറിയും'

സംഗതിയേറ്റു. മറ്റൊരു മണ്‍കട്ടക്ക് അവനും കുമ്പിട്ടെങ്കിലും ഞാന്‍ കയ്യ് പൊക്കി എറിയുന്ന മാതിരി കാണിച്ചതിനാല്‍, എതിരാളി രണ്ടു സ്റ്റെപ്പ് പിറകോട്ടു വെച്ചു.അടുത്ത് ചെല്ലും തോറും അവന്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. അന്ന് മനസ്സില്‍ എന്നുമില്ലാത്തൊരു സുഖം തോന്നി! ആജന്മ ശത്രുവിതാ ഭീരുവായി പറപറക്കുന്നു!! അവന്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ചു രസം പിടിച്ച് ഞാനും പിറകെ പാഞ്ഞു. കൂടെയുള്ളവര്‍ കൈ അടിച്ചു പ്രോല്‍സാഹിപ്പിച്ചു.

പക്ഷെ കുറെ ഓടിയപ്പോള്‍ ഒരു ഭയം! ' ഈ പഹയനെങ്ങാനും തിരിച്ചു വന്നടിച്ചാലോ!' ഒപ്പമുള്ളവര്‍ ഇപ്പോള്‍ കാഴ്ച്ചയുടെ പരുധിയിലുമല്ല! അടികൊണ്ടാല്‍ അത് കാണാന്‍ പോലും ആളുണ്ടാവില്ല എന്ന തിരിച്ചറിവിനാല്‍ ഇടവഴിയില്‍ ഒരിടത്ത് മറ്റുള്ളവര്‍ക്കായി കാത്തുനിന്നു.

അവര്‍ അടുത്തെത്തിയപ്പോള്‍ 'ഇനി അവനൊരു ചുക്കും ചെയ്യൂല, അമ്മാതിരി പറപ്പിക്കലല്ലേ ഞാനവനെ പറപ്പിച്ചത്!!' എന്നും വീരവാദം മുഴക്കി രാജാവിനെ പോലെ മുമ്പില്‍ എഴുന്നള്ളി. അവരുടെ മനസ്സില്‍ ഒരു വീര പുരുഷന്‍ ജനിച്ചു!!

*********************************************************************************

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല, സ്വന്തം അനിയന്‍ പോലും! ധീരസാഹസികനായ എനിക്ക് അല്ലെങ്കിലും ഒറ്റക്ക് നടക്കല്‍ തന്നെയായിരുന്നു പ്രിയം. പക്ഷെ അന്ന് കഥ മാറി! സ്കൂള്‍ ഗേറ്റിന്‍റെ മുമ്പില്‍ എന്നെയും കാത്ത് ഒരു കൂട്ടം ഗുണ്ടകളോടൊപ്പം മുഖം വീര്‍പ്പിച്ച് ഇദരീസ് നില്‍ക്കുന്ന അപ്രതീക്ഷിതമായ കാഴ്ച്ചയാണ് കണ്ടത്! ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടിയ ഒട്ടിപിടിക്കുന്ന ചെറുപയര്‍ ചോറ് വയറില്‍ തള്ളിനിന്നതിനാല്‍ ബോധം കേട്ടില്ല! കുറച്ചു ധൈര്യം എങ്ങനെയൊക്കയോ മുഖത്ത് വരുത്തി ഭവ്യതയോടെ ഞാന്‍ ചോദിച്ചു: 'എന്താ ഇദരീസെ, എത്താ അനക്ക് വേണ്ട്യെ?'

മറുപടിയൊന്നും തരാതെ അവനും കൂട്ടാളികളും എന്നെ വളഞ്ഞിട്ടു തല്ലി.ഒന്നും ചെയ്യാന്‍ കഴിയാനാകാതെ ഞാന്‍ നിസ്സഹായനായി. തന്‍റെ തണ്ടും അധികാരവും കാണിക്കുന്നതിനായി ഇദരീസ് അവന്‍റെ വലത്തെ കാല്‍ എന്‍റെ തോളത്തേക്ക് വലിച്ചിടുക കൂടി ചെയ്തതോടെ ആദ്യമായി അവന്‍റെ മുമ്പില്‍ പൊട്ടി കരഞ്ഞു പോയി. ഉമ്മാനെയും ബാപ്പാനെയും ബാക്കി വായില്‍ വന്ന പേരുകളൊക്കെ വിളിച്ച് അലറി. നെഞ്ചിലൂടെ ഒഴുകുന്നത്‌ വിയര്‍പ്പല്ല കണ്ണീര് തന്നെയെന്നുറപ്പിച്ചു.

പെട്ടെന്ന് മുമ്പില്‍ നിന്നും 'ടപ്പേ' എന്നൊരു ശബ്ദം കേട്ടു. ആരോ തന്നെ രക്ഷിക്കാന്‍ വരുന്ന വരവാണ് എന്ന് മനസ്സ് ആശ്വസിപ്പിച്ചു. ആരെന്നു നോക്കാന്‍ കഴിഞ്ഞില്ല. കാലു കൊണ്ട് തല അമര്‍ത്തി പിടിച്ചതിനാല്‍ തല ഉയര്‍ത്താന്‍ പോയിട്ട് തിരിക്കാന്‍ പോലും കഴിഞ്ഞില്ല.

'എന്താ മോനെ?' എന്നൊരു ചോദ്യം കേട്ടു. ഒരു സ്ത്രീയാണ്. ശബ്ദവും നല്ല പരിചയം! രക്ഷിക്കാന്‍ ആളു വന്ന സ്ഥിതിക്ക് തോളില്‍ വെച്ച അവന്‍റെ എരണം കെട്ട കാല് തട്ടി മാറ്റി മുഖമുയര്‍ത്തിനോക്കി. നട്ട പാതിരക്ക് വിളക്കും കത്തിച്ച് വാതില്‍ തള്ളിതുറന്ന് മുമ്പിലതാ നില്‍ക്കുന്നു ഉമ്മ! തിരിഞ്ഞു നോക്കിയപ്പോള്‍ തോളില്‍ കിടന്നിരുന്നത് അനിയന്‍റെ കാലാണ്! ഒന്നുമറിയാത്ത പാവത്തിനെ പോലെ ചുരുണ്ട് കൂടി കിടക്കുന്നു. അതുവരെ അടക്കി വെച്ചിരുന്ന സങ്കടങ്ങളൊക്കെ അവന്‍റെ കാലില്‍ മതി വരുവോളം നുള്ളി തീര്‍ത്തു. വേദനകൊണ്ട് കാലു വലിഞ്ഞുപോകുന്നുണ്ടെങ്കിലും മൂപ്പരപ്പോഴും ഇതൊന്നുമറിഞ്ഞിട്ടില്ല..!

'രാവിലെ അതി സാഹസികമായി ജീവന്‍ പണയപെടുത്തി തന്നെ രക്ഷിച്ചിട്ടും എന്നോട് തന്നെ നീ ഇത് ചെയ്തല്ലോ, ബലാലെ!'എന്നും നെടുവീര്‍പ്പിട്ടു ഞാനെഴുന്നേറ്റു.

എന്താ പറ്റ്യേ മോനെ' ഇതും  പറഞ്ഞ് ഉമ്മ എന്നെ കോരിയെടുത്തു.മുഖവും തലയണയുമൊക്കെ ആകെ കണ്ണീര് കൊണ്ട് കുതിര്‍ന്നിട്ടുണ്ട്. 'ഉറക്കത്തില്‍ പേടിച്ചോ മോന്‍?' എന്ന് കേട്ടപ്പോള്‍ പേടിയെന്തന്നറിയാത്ത അഭിമാനിയായ ഞാന്‍ പറഞ്ഞു..

'ഉമ്മാ,  ന്‍റെ വയറ് കത്ത്ണ്...തീരെ ഉറങ്ങാന്‍ പറ്റിണില്ല'

'മോന്‍ വാ,  ഉമ്മ ചൂട് വെള്ളം ഉണ്ടാക്കി തരാം'

നെഞ്ചോട്‌ അണച്ചുപൂട്ടി അടുക്കളയിലേക്ക് പോകവേ ഞാന്‍ പറഞ്ഞു: 'ഇന്‍ക്ക് ചൂടെള്ളം വേണ്ടമ്മാ, ബാപ്പ കുടിക്കാറുള്ള ചുക്കാപ്പി മതി'

അങ്ങനെ എന്നും എനിക്കന്യമായി കിടന്നിരുന്ന ചുക്കാപ്പിയും കുറെ മധുര പലഹാരങ്ങളും  ഉമ്മാനെ സോപ്പിട്ട് ഒപ്പിച്ചെടുത്തു. സന്തോഷത്തോടെ   ഒരു കോട്ടുവായുമിട്ട്  നേരം വെളുപ്പിക്കാനായി വീണ്ടും കിടക്കപായയിലേക്ക് ചെരിഞ്ഞു.

12 comments:

  1. കൊള്ളാല്ലോ ഇഷ്ടായീട്ടോ

    ReplyDelete
  2. ചെറുപ്പത്തിലെ മധുരമുള്ള ഓര്‍മകള്‍ ഒരുപാട് അനുഭവങ്ങളെ സ്ഥാനത്തും അസ്ഥാനത്തും അങ്ങനെ കൊണ്ട് വരും.. ഇതില്‍ പറഞ്ഞ രണ്ടു ഹീറോകളെയും നേരിട്ടരിയുന്നവനാണ് ഞാന്‍. (വില്ലനെയും!). കഥയിലെ വില്ലന്‍ ഇന്ന് അല്ലാഹുവിലേക്ക് യാത്ര തിരിച്ചുപോയി... ഹീറോ ആവട്ടെ സാഹിത്യതറവാട്ടില്‍ ഒരു സ്റ്റൂള്‍ എങ്കിലും തരപ്പെടുത്താനുള്ള ശ്രമത്തിലാണ്..
    എഴുതുക, നിന്നിലെ കഥാകാരനെ ഉണര്‍ത്തിവിടുക..
    ഓര്‍ക്കുക, മറ്റുള്ളവരുടെ ചരിത്രനഗല്‍ നാം ഒരുപാട് കേട്ടതാണ്, ഇനി നമ്മുടെ ചരിത്രം ആളുകളെ കേള്പ്പികാനുള്ള കാലമാണ്. അഭിനന്ദനങ്ങള്‍....

    ReplyDelete
  3. ആത്മാവില്‍ കണ്ണീരു പടര്‍ത്തുന്ന ഓര്‍മകളെ കടലാസിലേക്ക് പകര്‍ത്തിയ കഥാകാരാ, അഭിനന്ദനം.. ഈ കഥയിലെ സ്നേഹിക്കുന്ന അനുജനായി കുഞ്ഞുനാളിലെ ഓര്‍മകള്‍ പങ്കുവെക്കാന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്ധോഷമുണ്ട്. ഓര്‍മയുടെ മുന്തിരി തോപ്പില്‍ നിന്നും പൊട്ടിച്ചെടുത്ത് ആ അനുഭവങ്ങള്‍ നീ കടലാസിലേക്ക് പകര്തുമെന്നരിഞ്ഞിരുന്നുവെങ്കില്‍ നിനക്കായി കുസൃതികളുടെ ഒരു മഴക്കാലം തന്നെ ഞാന്‍ തരുമായിരുന്നല്ലോ... ഈ എഴുത്ത് കുത്തുകള്‍ ഒരിക്കലും നിര്‍താതിരുന്നെങ്കില്‍...

    ReplyDelete
  4. കവി വെറുതെയല്ല പാടിയത്, ഓർമകൾക്കെന്തു സുഗന്ധം............

    ReplyDelete
  5. കഥ (അനുഭവം) വായിച്ചു...
    നന്നായി കടലാസിലേക്ക് പകര്‍ത്തി...
    അനുമോദനം...

    ReplyDelete
  6. അട പഹയാ .... കൊള്ളാട്ടോ ; നന്നായി രസിച്ചു

    ReplyDelete
  7. ഇക്കാ കൽക്കി ട്ടോ

    ReplyDelete
  8. എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ നല്ല വായനക്കാര്‍ക്കും ഹൃദയഗമമായ നന്ദി
    ഇനിയും പ്രതീക്ഷിക്കുകയും ചെയ്യുന്നു...

    വീണ്ടും ഒരു നന്ദി കൂടി

    ReplyDelete
  9. ഹഹ അനക്ക് അങ്ങിനെ തന്നെ വേണം പഹയാ :)

    ReplyDelete
  10. അനുഭവങ്ങള്‍
    കഥയായ് പൊഴിയുമ്പോള്‍
    പൊലിമയേറും.

    അഭിനന്ദനങ്ങള്‍

    ReplyDelete

Post Your Facebook Comments Down